Unworthy of the Amendment Bill paas in asumbly

തിരുവനന്തപുരം: ഇരട്ടപദവി നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടെയാണ് ബില്‍ പാസാക്കിയത്. ഇതോടെ വി.എസ്.അച്യുതാനന്ദന് ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിനുള്ള തടസം നീങ്ങി.

ബില്ലിനെതിരെ ശക്തമായ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തുവന്നു. വി.എസിനെ എന്തെങ്കിലും സ്ഥാനം നല്‍കി ഒതുക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. വി.എസ് സ്ഥാനം ഏറ്റെടുക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വി.എസിന്റെ നാവടപ്പിക്കാനാണ് കാബിനറ്റ് പദവി നല്‍കി മൂലയ്ക്ക് ഇരുത്താന്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം നല്‍കി എല്‍ഡിഎഫ് വി.എസിനെ വഞ്ചിച്ചു. തെരഞ്ഞെടുപ്പ് വിജയിച്ചപ്പോള്‍ വാഗ്ദാനം മറന്ന് പിണറായി വിജയനെ മുഖ്യമന്ത്രിയാക്കി. കടുത്ത സാമ്പത്തിക ബാധ്യത നേരിടുന്ന സംസ്ഥാനം എന്തിനാണ് കാബിനറ്റ് റാങ്ക് വി.എസിന് നല്‍കി ഖജനാവിലെ പണം പാഴാക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. വി.എസിന്റെ പദവി ഭരണഘടനാ വിരുദ്ധമാണെന്നും ഗവര്‍ണറുടെ അനുമതി ഇതിന് തേടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

എന്നാല്‍ പ്രതിപക്ഷത്തിന്റെ വാദം തള്ളിക്കളഞ്ഞ നിയമമന്ത്രി എ.കെ.ബാലന്‍ കഴിഞ്ഞ സര്‍ക്കാര്‍ പി.സി.ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് കൊണ്ടുവന്നത് കാബിനറ്റ് റാങ്കോടെയാണെന്ന് ഓര്‍മിപ്പിച്ചു. വി.എസിനെ ഒതുക്കാന്‍ വേണ്ടിയാണെന്ന വാദം തള്ളിയ മന്ത്രി എന്തെങ്കിലും പദവി കൊടുത്താല്‍ സ്വീകരിക്കുന്ന ആളല്ല അദ്ദേഹമെന്നും കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ വിഷയത്തില്‍ സംസാരിച്ച വി.എസ് അനുഭാവി കൂടിയായ എസ്.ശര്‍മയുടെ വാക്കുകളും ശ്രദ്ധിക്കപ്പെട്ടു. വി.എസിനെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ ചരിത്രം പൊറുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ പദവികളൊക്കെ ഉത്തമനായ കമ്മ്യൂണിസ്റ്റുകാരന്‍ എന്നതിന് മുകളില്‍ അല്ലെന്നും എസ്.ശര്‍മ ഓര്‍മിപ്പിച്ചു.

പിന്നീട് ബില്‍ പാസാക്കുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലായിരുന്നു ബില്‍ പാസാക്കിയത്.

Top