ഉറവിടമില്ലാത്ത കോവിഡ് കേസുകള്‍ കൂടുന്നു; തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കും

തിരുവനന്തപുരം: ഉറവിടമില്ലാത്ത കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍. സമൂഹവ്യാപനം തടയാന്‍ ജില്ലാ അതിര്‍ത്തികളിലും തീരപ്രദേശങ്ങളിലും പരിശോധന വര്‍ധിപ്പിക്കും. സ്ഥിതി വിലയിരുത്താന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്ന് തദ്ദേശസ്ഥാപനങ്ങളുടെ യോഗവും വിളിച്ചിട്ടുണ്ട്.

ജില്ലയിലെ പ്രധാനചന്തകളില്‍ അന്‍പത് ശതമാനം കടകള്‍ മാത്രമേ തുറക്കൂ. ഓട്ടോയിലും ടാക്‌സിയിലും യാത്ര ചെയ്യുന്നവര്‍ വണ്ടിയുടെ നമ്പറും ഡ്രൈവറുടെ പേരും കുറിച്ചെടുക്കണം. നഗരസഭയില്‍ പരാതിയുമായി വരുന്നവര്‍ക്കും, ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്കും വിവാഹ മരണാനന്തര ചടങ്ങുകള്‍ക്കും നിയന്ത്രണം ഉണ്ട്.

മണക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്ക് പിന്നാലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം നഗരം സാമൂഹികവ്യാപനം നടന്നോ എന്ന ആശങ്കയിലാണ്.

നേരത്തെ രോഗം സ്ഥിരീകരിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ രോഗലക്ഷണം വന്നതിനും ശേഷവും നഗരത്തില്‍ പലയിടത്തും കറങ്ങുകയും സീരിയല്‍ ഷൂട്ടിംഗിനടക്കം പോവുകയും ചെയ്തത് സ്ഥിതി വഷളാക്കി. തിരുവനന്തപുരം നഗരത്തിലെ സാഹചര്യം ഗൗരവകരമാണെന്ന് പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ചും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Top