UN’s current system – need change- for world peace-india

ന്യൂയോര്‍ക്ക്: യുഎന്‍ രക്ഷാസമിതിയുടെ നിലവിലുള്ള വ്യവസ്ഥ ലോകസമാധാനം നിലനിര്‍ത്താനും കലഹങ്ങളൊഴിവാക്കാനും മതിയാകില്ലെന്ന് ഇന്ത്യ. ലോക ജനസംഖ്യയുടെ ന്യൂനപക്ഷത്തെ മാത്രം പ്രതിനിധാനം ചെയ്യുന്ന കൗണ്‍സിലിനു പുതിയ ലോകത്തിന്റെ വെല്ലുവിളികളെ നേരിടാനാകില്ലെന്നു ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സഈദ് അക്ബറുദ്ദീന്‍ പറഞ്ഞു. കലഹനിവാരണവും സമാധാനസ്ഥാപനവുമെന്ന രക്ഷാസമിതി ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലഹരണപ്പെട്ട സമിതിയല്ല, നവീകരിക്കപ്പെട്ട സമിതിയാണു ലോകത്തു ശാന്തി നിലനിര്‍ത്താന്‍ ഉപകരിക്കുന്നതെന്ന് അക്ബറുദ്ദീന്‍ ചൂണ്ടിക്കാട്ടി. യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്കു ചുക്കാന്‍പിടിക്കുന്നത് അക്ബറുദ്ദീനാണ്.

ലോകം മാറിക്കൊണ്ടിരിക്കുമ്പോള്‍ സമിതിയുടെ ഉത്തരവാദിത്തമായ ലോകസമാധാനവും സുരക്ഷയും മരവിച്ച നിലയിലാണ്. പുതിയ ലോക യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കി ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്കുവേണ്ടി 15 അംഗ രക്ഷാസമിതി നിയമങ്ങളുണ്ടാക്കണം. ചെറിയൊരു വിഭാഗത്തെ മാത്രമാകരുത് പരിഗണിക്കേണ്ടത്. 21-ാം നൂറ്റാണ്ടിന്റെ ഭീഷണികളും വെല്ലുവിളികളും നേരിടാനുതകുന്ന വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ സമിതി പരിഷ്‌കരിക്കേണ്ടത് അത്യാവശ്യമാണെന്നും അക്ബറുദ്ദീന്‍ ചൂണ്ടിക്കാട്ടി.

അംഗരാജ്യത്തിന്റെ സഹകരണത്തോടെയും അനുമതിയോടെയും മാത്രം നടത്തുന്ന നടപടികളേ ഫലം ചെയ്യൂ. മുഷ്ടി ചുരുട്ടിപ്പിടിച്ചു ഹസ്തദാനം നടത്താനാകില്ലെന്ന ചൊല്ലും അദ്ദേഹം ആവര്‍ത്തിച്ചു. അംഗരാജ്യങ്ങള്‍ തമ്മില്‍ സമാധാനം സുസ്ഥിരമാക്കുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്തം യുഎന്‍ തിരിച്ചറിയണമെന്നും കലഹനിവാരണ സംസ്‌കാരം വളര്‍ത്തിയെടുക്കുകയാണു വേണ്ടതെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Top