മിന്നാരത്തിലെ ‘ഉണ്ണുണ്ണി’ മോഡല്‍, ഓടി കയറിയത് പൊലീസ് സ്റ്റേഷനില്‍ !

മിന്നാരം’ എന്ന മോഹന്‍ലാല്‍ ചിത്രം കാണാത്ത മലയാളികള്‍ കുറവായിരിക്കും. പുതിയ കാലത്തും യൂട്യൂബില്‍ ഈ സിനിമയിലെ കോമഡി രംഗങ്ങള്‍ തരംഗമാണ്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ബോബി എന്ന നായക കഥാപാത്രത്തെ ‘ജാരനായി’ കണ്ട് ജഗതിയുടെ കഥാപാത്രമായ ‘ഉണ്ണുണ്ണി’ വെയ്ക്കുന്ന ‘കെണികള്‍’ തിരിച്ചടിക്കുന്ന രംഗങ്ങളാണിത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ ദൃശ്യം ബോബിയെ അപായപ്പെടുത്താന്‍ ‘തോട്ട’ എറിയുന്ന ഉണ്ണുണ്ണിക്ക് പറ്റുന്ന അബദ്ധമാണ്. താന്‍ എന്ത് എറിഞ്ഞാലും അത് എടുത്ത് കൊണ്ടുവരാന്‍ വളര്‍ത്തു പട്ടിക്ക് ട്രെയിനിംങ്ങ് കൊടുത്ത കാര്യം ഓര്‍ക്കാതെയായിരുന്നു ഈ സാഹസത്തിന് ഉണ്ണുണ്ണി മുതിര്‍ന്നിരുന്നത്.

കത്തി തുടങ്ങിയ തോട്ടയും കടിച്ച് പിടിച്ച് പട്ടി തിരികെ ഓടി വരുന്നത് കണ്ട് ഞെട്ടിയ ഉണ്ണുണ്ണി രക്ഷപ്പെടാന്‍ പ്രാണരക്ഷാര്‍ത്ഥം ഓടി കയറിയത് പൊലീസ് സ്റ്റേഷനിലേക്കായിരുന്നു. പിന്നെ അവിടെ നടന്ന സംഭവ വികാസങ്ങളെല്ലാം ചിരിയുടെ മാലപ്പടക്കമാണ് തിയറ്ററുകളില്‍ തീര്‍ത്തിരുന്നത്. ജഗതിയുടെ കഥാപാത്രത്തിന് സിനിമയില്‍ പറ്റിയ അബദ്ധം ജീവിതത്തില്‍ പറ്റിയിരിക്കുന്നതിപ്പോള്‍ ഇടുക്കിയിലെ രണ്ട് കഞ്ചാവ് കടത്തുകാര്‍ക്കാണ്. പൊലീസിനെ വെട്ടിച്ചു കഞ്ചാവുമായി കടന്നവര്‍ റിസോര്‍ട്ടാണെന്നു തെറ്റിദ്ധരിച്ച് ഓടിക്കയറിയത് കമ്പംമെട്ട് പൊലീസ് സ്റ്റേഷനിലേക്കാണ്. പിടിയിലായവരില്‍ നിന്നു കിട്ടിയ വിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 3 കിലോ കഞ്ചാവുമായി 4 പേരാണിപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.

അടിമാലി സ്വദേശികളായ വിനീത്, സബീര്‍ റഹ്മാന്‍, എറണാകുളം സ്വദേശി ആദര്‍ശ്, സുഹൃത്തായ പതിനേഴുകാരന്‍ എന്നിവരാണു അറസ്റ്റിലായിരിക്കുന്നത്. ഡിസംബര്‍ 10ന് ഉച്ചയോടെ കമ്പംമെട്ടില്‍ പൊലീസിന്റെയും എക്‌സൈസ് – സെയില്‍ ടാക്‌സ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ മേഖലയില്‍ വ്യാപകമായി വാഹന പരിശോധന നടത്തിയിരുന്നു. ഇതിനിടെ തമിഴ്‌നാട് പൊലീസ് കൈ കാണിച്ചിട്ടും നിര്‍ത്താതെ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇരുചക്രവാഹനം കേരള പൊലീസും എക്‌സൈസും വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നു തടയാന്‍ ശ്രമിക്കുകയാണുണ്ടായത്. ഇതോടെ പരിശോധനാ സംഘത്തെ വെട്ടിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടംഗ സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറയുകയാണുണ്ടായത്.

തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന വിനീതും 17 വയസ്സുകാരനും രക്ഷപ്പെടാന്‍ ഓടുകയായിരുന്നു. ഒടുവില്‍ ഓടിക്കയറിയതാകട്ടെ കമ്പംമെട്ട് പൊലീസ് സ്റ്റേഷനിലേക്കായിരുന്നു. വെപ്രാളത്തില്‍ ഓടിക്കയറിയെത്തിയ ചെറുപ്പക്കാരെ പൊലീസുകാര്‍ തടഞ്ഞ് നിര്‍ത്തി പരിശോധിച്ചതോടെയാണ് കഞ്ചാവ് കണ്ടെടുത്തത്. 17 വയസ്സുകാരന്റെ കയ്യിലിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് 2 കിലോ കഞ്ചാവു കണ്ടെത്തിയത്. 2 പേരും കസ്റ്റഡിയിലായ സമയത്ത് ഇവരുടെ ഫോണിലേക്കു മറ്റൊരാളുടെ വിളിയെത്തിയതും പിന്നീട് നിര്‍ണ്ണായകമായി. ഫോണ്‍ നമ്പറുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായവരെ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ക്കു മുന്‍പേ അതിര്‍ത്തി കടന്നവരാണു ഫോണില്‍ വിളിച്ചതെന്ന കാര്യം പൊലീസിന് മനസ്സിലായി. തുടര്‍ന്നാണ് കൂടുതല്‍ അറസ്റ്റ് നടന്നത്.

ഉടുമ്പന്‍ചോല എല്‍എ തഹസില്‍ദാര്‍ കെ.എസ്.ജോസഫിന്റെ സാന്നിധ്യത്തിലാണ് പൊലീസ് മഹസര്‍ തയാറാക്കിയത്. പ്രതികള്‍ ഓടി കയറിയപ്പോള്‍ മിന്നാരം സിനിമയിലെ പോലെ പൊലീസ് സ്റ്റേഷനില്‍ വെടിയും പുകയും ഒന്നും ഉണ്ടായില്ലങ്കിലും വലിയ വെടിമരുന്ന് ശാലക്ക് തിരികൊളുത്താവുന്ന നിര്‍ണ്ണായക വിവരങ്ങള്‍ തന്നെയാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. കമ്പംമെട്ട് സിഐ ജി.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ കഞ്ചാവ് മാഫിയയെ പിടിക്കാനുള്ള ശ്രമങ്ങളും ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. തമിഴ്‌നാട്, കേരള പൊലീസ് വിഭാഗങ്ങള്‍ പരസ്പരം സഹകരിച്ചാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്.

Top