unnithan murder case; approaching court for 5 crores compensation

കൊല്ലം: കാക്കിയുടെയും ക്രിമിനലുകളുടെയും ദുഷ്ടമനസ്സില്‍ ജീവിതം തകര്‍ന്ന മാതൃഭൂമി സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.ബി ഉണ്ണിത്താന്‍ അഞ്ച് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നു.

കെട്ടിവയ്ക്കാനുള്ള കാശില്ലെന്ന് കോടതിയെ ബോധ്യപ്പെടുത്തിയാണ് പ്രതികളെയും സര്‍ക്കാരിനെയും എതിര്‍ കക്ഷികളാക്കി ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കുന്നത്.

കൊല്ലം പൊലീസ് ക്ലബ്ബിലെ നിശാപാര്‍ട്ടി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയതിനാണ് ഉണ്ണിത്താനെതിരെ വധശ്രമമുണ്ടായത്.

ഏപ്രില്‍ 16ന് നടന്ന സംഭവത്തില്‍ ഇതുവരെ ഡി.വൈ.എസ്.പിമാരായ സന്തോഷ് എം നായര്‍, അബ്ദുള്‍ റഷീദ് എന്നിവര്‍ ഉള്‍പ്പെടെ പത്തോളം പ്രതികളാണ് അറസ്റ്റിലായിരുന്നത്.

ശാസ്താംകോട്ടയില്‍ വച്ച് നടന്ന ആക്രമണത്തില്‍ നട്ടെല്ലും രണ്ട് കാലും തകര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ ഉണ്ണിത്താന്‍ ഒന്നര വര്‍ഷത്തോളം ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.

ആക്രമണത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായിരുന്ന ഉണ്ണിത്താനെ എട്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ഒടുവിലാണ് ജീവിത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. ഇപ്പോഴും ഇതേ കാലില്‍ മുട്ട് മുതല്‍ പാദം വരെ കമ്പിയിലും മരുന്നിലുമായാണ് ജീവിതം.

unni

കൊല്ലം പൊലീസ് ക്ലബ്ബിലെ വിവാദ സംഭവം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഗോവയില്‍ ഉല്ലാസ യാത്രക്ക് മറ്റ് പ്രതികളോടൊപ്പം സംഭവത്തിന് മുന്‍പ് പോയ ഡി.വൈ.എസ്.പി റഷീദ് മടങ്ങി വരുമ്പോള്‍ യാത്ര ചെയ്ത രാജധാനി ട്രെയിനിന് കൊല്ലത്ത് സ്റ്റേഷനില്ലാതിരുന്നിട്ടും ചങ്ങല വലിച്ച് നിര്‍ത്തിച്ച കാര്യവും ഉണ്ണിത്താന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതായിരുന്നു പെട്ടെന്നുള്ള ആക്രമണത്തിന് കാരണമെന്നാണ് കേസ് നേരത്തെ അന്വേഷിച്ച ചെന്നൈ യൂണിറ്റ് സിബിഐ എ.എസ്.പി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയിരുന്നത്.

ആദ്യം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം ഡിവൈഎസ്.പി സന്തോഷ് എം നായരും കണ്ടെയ്‌നര്‍ സന്തോഷും ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും അബ്ദുള്‍ റഷീദിനെതിരെ നടപടി സ്വീകരിച്ചിരുന്നില്ല. പിന്നീട് സംഭവം വിവാദമായതിനെ തുടര്‍ന്ന് സിബിഐ അന്വേഷണത്തിന് വിട്ടശേഷമായിരുന്നു റഷീദിന്റെ അറസ്റ്റ്.

കേസിലെ മാപ്പു സാക്ഷിയായ കണ്ടെയ്‌നര്‍ സന്തോഷ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു സിബിഐ നടപടി.

ഉണ്ണിത്താന്‍ വധശ്രമത്തിന് ശേഷം ഡി.വൈ.എസ്.പിമാരായ സന്തോഷ് നായരും അബ്ദുള്‍ റഷീദും കണ്ടെയ്‌നര്‍ സന്തോഷും പറവൂരിലെ ഒരു റിസോര്‍ട്ടില്‍ ഒരുമിച്ച് കൂടിയതായും സിബിഐ എ.എസ്.പി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയിരുന്നു.

ക്രൈംബ്രാഞ്ച് കസ്റ്റഡിയിലായിരിക്കെ, തന്നെ കൊല്ലം കെഎംഎംഎല്‍ ഗസ്റ്റ് ഹൗസില്‍ ക്രൈംബ്രാഞ്ച് എസ്.പി സാം ക്രിസ്റ്റി കൊണ്ട് പോയിരുന്നതായും അവിടെവച്ച് അന്ന് ഡിഐജി ആയിരുന്ന ശ്രീജിത്ത് റഷീദിന്റെ പേര് പുറത്ത് പറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും രഹസ്യ മൊഴിയില്‍ കണ്ടെയ്‌നര്‍ സന്തോഷ് വ്യക്തമാക്കിയിരുന്നു.

ഇതേ തുടര്‍ന്ന് പൊതു പ്രവര്‍ത്തകനായ കെ.എം ഷാജഹാന്‍ കേസ് ആദ്യം അന്വേഷിച്ച ശ്രീജിത്തിനും സാം ക്രിസ്റ്റിക്കുമെതിരെ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനും പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിനുമെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

തുടരന്വേഷണത്തില്‍ ഇക്കാര്യവും അന്വേഷിക്കുമെന്ന് സിബിഐ കോടതിയില്‍ സിബിഐ സംഘം വ്യക്തമാക്കിയതിനാല്‍ കോടതി അന്തിമ റിപ്പോര്‍ട്ട് വരുമ്പോള്‍ പരിഗണിക്കാനായി ഈ ഹര്‍ജി മാറ്റിവച്ചിരിക്കുകയാണ്.

സംഭവത്തില്‍ ഉള്‍പ്പെട്ട ഉന്നതര്‍ ഉള്‍പ്പെടെയുള്ളവരെ പുറത്ത് കൊണ്ടുവരാന്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഉണ്ണിത്താന്‍ നല്‍കിയ ഹര്‍ജിയിലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. ഇപ്പോള്‍ കേസന്വേഷണം നടത്തുന്നത് തിരുവനന്തപുരം യൂണിറ്റിലെ സിബിഐ സംഘമാണ്.

ഉണ്ണിത്താന്‍ വധശ്രമക്കേസിലെ പ്രധാന പ്രതിയായ ഹാപ്പി രാജേഷ് വധവുമായി ബന്ധപ്പെട്ട് കണ്ടെയ്‌നര്‍ സന്തോഷിനെ അറസ്റ്റ് ചെയ്ത സിബിഐ ഇപ്പോള്‍ ആദ്യ കേസിലെ മാപ്പ് സാക്ഷി എന്ന നിലയില്‍ നിന്ന് സന്തോഷിനെ മാറ്റാനുള്ള ശ്രമത്തിലാണ്.

ഇതിന്റെ ഭാഗമായി സിബിഐ ഡയറക്ടര്‍ക്ക് കത്ത് നല്‍കി തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം.

രാജ്യത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ മാപ്പ് സാക്ഷിയെ മാറ്റിയ ചരിത്രമില്ലെന്നിരിക്കെ സിബിഐയുടെ പുതിയ നീക്കം ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവരെ രക്ഷിക്കാന്‍ വേണ്ടിയാണെന്ന ആക്ഷേപം ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്.

തനിക്ക് നീതി ലഭിച്ചില്ലെങ്കില്‍ സുപ്രീംകോടതി വരെ പോയാലും നിയമ പോരാട്ടം നടത്തുമെന്ന് വി.ബി ഉണ്ണിത്താന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top