ഉണ്ണി മുകുന്ദന്റെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി പെണ്‍കുട്ടികളുമായി ചാറ്റ്

ലചിത്ര താരം ഉണ്ണി മുകുന്ദന്റെ പേരില്‍ സോഷ്യല്‍മീഡിയയില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പെണ്‍കുട്ടികളുമായി സൗഹൃദം നടിച്ച് പറ്റിക്കുന്നുവെന്ന് പരാതി. ഉണ്ണി മുകുന്ദന്റെ അച്ഛന്‍ മുകുന്ദന്‍ നായരാണ് ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

താരത്തെ മനപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ഒരു നടപടിയെന്ന് ഉണ്ണിയുടെ പിതാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചു. വ്യാജ അക്കൗണ്ടിന്റെ ഉറവിടം കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായം ഒറ്റപ്പാലം പോലീസ് തേടിയിട്ടുണ്ട്.

iam unni mukundan എന്നാണ് നടന്റെ സോഷ്യല്‍ മീഡിയയിലെ അക്കൗണ്ടുകളുടെ പേര്. അതിനു സമാനമായി ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും iam.unnimukundan എന്നു വ്യാജ അക്കൗണ്ടുണ്ടാക്കി തന്റെ ചിത്രം പ്രൊഫൈല്‍ ചിത്രമാക്കി വച്ച് പെണ്‍കുട്ടികളെ തെറ്റിദ്ധരിപ്പിച്ച് അവരുമായി സൗഹൃദം സൃഷ്ടിക്കല്‍ പതിവാക്കുന്നതായി തന്റെ ശ്രദ്ധയില്‍പെട്ടുവെന്നും ഇത്തരം വ്യാജ പ്രവണതകളെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. തന്റെ ഫോട്ടോ വച്ച് വൈവാഹിക വെബ്സൈറ്റുകളില്‍ ഐഡി ഉണ്ടാക്കുന്നവര്‍ക്കെതിരെയും നടന്‍ പരാതി നല്‍കിയിട്ടുണ്ട്.

നേരത്തെ കോട്ടയം സ്വദേശിനിയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പേരില്‍ ഉണ്ണിമുകുന്ദനെതിരെ കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പരാതി അടിസ്ഥാന രഹിതമാണെന്നും താന്‍ തെറ്റുകാരനല്ലെന്നും ഉണ്ണി മുകുന്ദന്‍ വാദിച്ചിരുന്നു. എന്നാല്‍ കേസ് പിന്‍വലിക്കാന്‍ കോടതി തയ്യാറായിരുന്നില്ല.

Top