ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം ‘ഷെഫീക്കിന്റെ സന്തോഷം’ വരുന്നു

മേപ്പടിയാന്’ ശേഷം ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ടൈറ്റിലില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ടാണ് സിനിമ പ്രഖ്യാപിച്ചത്. മമ്മൂട്ടി, മേജര്‍ രവി തുടങ്ങിയവര്‍ പോസ്റ്റര്‍ പങ്കുവച്ചു.

‘ഈ.. ചില്ല് കൂട്ടില്‍ ഇരിക്കുന്നതെല്ലാം… സവര്‍ണ്ണ പലഹാരങ്ങളാണോ..?’ എന്ന ടാഗ്ലൈനും പോസ്റ്ററില്‍ കാണാം. ഒരു പഴയചായക്കടയും അതിനകത്തെ ചില്ലുകൂട്ടിലെ പലഹാരങ്ങളുമാണ് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. ലഡ്ഡു, ജിലേബി, കേക്ക്, ഹല്‍വ എന്നീ മധുര ഭക്ഷണ പദാര്‍ഥങ്ങളാണ് ചില്ലുകൂട്ടിലുള്ളത്. സമീപത്തെ മേശപ്പുറത്ത് മിച്ചറും, വടയും പായ്ക്കറ്റിലാക്കിയും വാഴക്കുല കെട്ടിത്തൂക്കിയിരിക്കുന്നതും കാണാം.

നവാഗതനായ അനൂപ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ടിവി പ്രേക്ഷകരുടെ ജനപ്രിയ പരിപാടിയായിരുന്ന ഗുലുമാലിന്റെ അവതാരകനായി ശ്രദ്ധ നേടിയ ആളാണ് അനൂപ്.

എല്‍ദോ ഐസക്ക് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ നൗഫല്‍ അബ്ദുള്ളയാണ്. ഷാന്‍ റഹ്‌മാന്‍ സംഗീതം ഒരുക്കുന്നു. ഷാജി നടുവില്‍ ആണ് കലാസംവിധായകന്‍. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദനും ബാദുഷ എന്‍.എമ്മും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയിലെ മറ്റ് അഭിനേതാക്കളെ കുറിച്ച് ഉടന്‍ പ്രഖ്യാപിക്കും. രണ്ട് നായികമാരാണ് ഷെഫീക്കിന്റെ സന്തോഷത്തില്‍ പങ്കാളികളാവുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി, 12ത് മാന്‍ എന്നിവയാണ് ചിത്രീകരണം പുരോഗമിക്കുന്ന ഉണ്ണി മുകുന്ദന്റെ മറ്റ് ചിത്രങ്ങള്‍. സെപ്റ്റംബര്‍ മൂന്നാം വാരം ഷെഫീക്കിന്റെ സന്തോഷവും ചിത്രീകരണത്തിലേക്ക് കടക്കും.

 

 

Top