മാമാങ്കം ഹിന്ദി പതിപ്പിനായി ഡബ്ബ് ചെയ്ത് ഉണ്ണി മുകുന്ദന്‍; ചിത്രങ്ങള്‍ പങ്കുവെച്ച് നടന്‍

മ്മൂട്ടിയുടെ ‘മാമാങ്ക’ത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. എം പദ്മകുമാറിന്റെ സംവിധാനത്തില്‍ 50 കോടി ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന സിനിമ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങുന്നുണ്ട്. മാമാങ്കത്തിന്റെ മലയാളം പതിപ്പിന് പുറമെ ഹിന്ദിയിലും ഡബ്ബ് ചെയ്തിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ഉണ്ണി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. ഡബ്ബിംഗ് സ്റ്റുഡിയോയില്‍ നിന്നുളള ചിത്രങ്ങളോടുകൂടിയ കുറിപ്പാണ് ഉണ്ണി പങ്കുവെച്ചിരിക്കുന്നത്.

ആദ്യത്തെ ഹിന്ദി ഡബ്ബിങ്ങ് കംപ്ലീറ്റ് ചെയ്യാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷിക്കുന്നുവെന്ന് താരം വ്യക്തമാക്കി. ചരിത്ര പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമ വമ്പന്‍ റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മാമാങ്കത്തില്‍ ഉണ്ണി മുകുന്ദനും മമ്മൂക്കയ്ക്കൊപ്പം തന്നെ പ്രധാന വേഷത്തിലാണ് എത്തുന്നത്. ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായിട്ടാണ് താരം എത്തുന്നത്.

കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ തിരുനാവായ മണപ്പുറത്ത് വെച്ച് നടക്കുന്ന മാമാങ്കം പ്രമേയമാക്കികൊണ്ടാണ് സിനിമ എടുത്തിരിക്കുന്നത്. പ്രാചി ടെഹ്ലാന്‍,അനു സിത്താര, കനിഹ തുടങ്ങിയവരാണ് നായികമാരായി എത്തുന്നത്. ഒപ്പം മലയാളത്തിലെയും ഹിന്ദിയിലെയും ശ്രദ്ധേയ താരങ്ങളും ചിത്രത്തിലുണ്ട്. എം ജയചന്ദ്രനാണ് സിനിമയിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.

Top