സച്ചിന്റെ ട്വീറ്റിനെ വിമർശിച്ച് ഹരീഷ് പേരടി; ഹാഷ്ടാഗ് ഏറ്റെടുത്ത് ഉണ്ണി മുകുന്ദൻ

ർഷക സമരത്തിനെ പിന്തുണച്ച പോപ് ഗായിക റിഹാനയുടെ പോസ്റ്റിനെതീരെ ട്വീറ്റ് ചെയ്ത സച്ചിന്‍ ടെന്‍ഡുല്‍ക്കറെ വിമർശിച്ച് നടൻ ഹരീഷ് പേരടി. വിദേശ രാജ്യങ്ങളിൽ കളിക്കാൻ പോകുന്ന കളിക്കാരോട് വിദേശികളുടെ പ്രോത്സാഹനം സ്വീകരിക്കരുത്. സ്വദേശികളുടെത് മാത്രമേ സ്വീകരിക്കാൻ പാടുകയുള്ളു എന്ന ഒരു ഉപദേശവും കൂടി നൽകണമെന്നാണ് ആക്ഷേപ ഹാസ്യേന സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ട്വീറ്റിനോട് ഹരീഷ് പേരടി പ്രതികരിച്ചത്. ഫേസ്ബുക്കിലൂടെയാണ് ഈ വിഷയത്തിൽ അദ്ദേഹം പ്രതികരിച്ചത്.

“ഇയാളെ കാണാൻ എന്നെ പോലെയുണ്ടെന്ന് കേരളത്തിൽ എത്തിയ ഒരുപാട് അന്യ സംസ്ഥാന തൊഴിലാളികൾ എന്നോട് പറഞ്ഞിരുന്നു. അന്നൊക്കെ അത് കേൾക്കുമ്പോൾ ഒരു സുഖം തോന്നിയിരുന്നു. ഇന്ന് ഏല്ലാ സുഖവും പോയി…അന്നം തരുന്ന കർഷകനോടൊപ്പം നിൽക്കാൻ മനസ്സില്ലാത്ത ഒരാളുടെ രൂപത്തിൽ എനിക്ക് ഒരു അഭിമാനവുമില്ല. ഇനി വിദേശ രാജ്യങ്ങളിൽ കളിക്കാൻ പോകുന്ന കളിക്കാരോട് വിദേശികളുടെ പ്രോത്സാഹനം സ്വീകരിക്കരുത്. സ്വദേശികളുടെത് മാത്രമേ സ്വീകരിക്കാൻ പാടുകയുള്ളു എന്ന ഒരു ഉപദേശവും കൂടി താങ്കൾ നൽകണം സാർ. ഇന്ത്യക്കാരുടെ കാര്യത്തിൽ ഇന്ത്യക്കാർ മാത്രം അഭിപ്രായം പറഞ്ഞാൽ മതിയല്ലോ.” ഹരീഷ് പേരടി കുറിച്ചു.

അതേസമയം, സച്ചിന്‍ ടെന്‍ഡുല്‍ക്കർ ഉപയോഗിച്ച ഇന്ത്യ ടുഗെദര്‍, ഇന്ത്യ എഗൈൻസ്റ്റ് പ്രൊപോഗാണ്ട എന്നീ ഹാഷ്ടാഗുകളോടെ വിഷയത്തിൽ നടൻ ഉണ്ണിമുകുന്ദനും തന്റെ നിലപാട് വ്യക്തമാക്കി. ‘ഇന്ത്യ ഒരു വികാരമാണ്, നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. ഞങ്ങളുടെ സ്വന്തം നിബന്ധനകളാൽ‌ ഞങ്ങൾ‌ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയും പ്രശ്‌നങ്ങൾ‌ രമ്യമായി പരിഹരിക്കുകയും ചെയ്യും‘, എന്നാണ് ഉണ്ണി മുകുന്ദൻ ട്വീറ്റ് ചെയ്തത്.

കര്‍ഷക സമരത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പ്രദേശത്ത് ഇന്റര്‍നെറ്റ് റദ്ദാക്കിയ വാര്‍ത്ത പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം റിഹാന ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റിനെതിരെയായിരുന്നു സച്ചിന്റെ പ്രതികരണം. ‘ഇന്ത്യയുടെ പരമാധികാരത്തില്‍ ഒരു വിട്ടുവീഴ്ച്ചയുമുണ്ടാവില്ല. പുറത്തുനിന്നുള്ളവര്‍ കാഴ്ച്ചക്കാര്‍ മാത്രമാണ്. എന്നാല്‍ അതിന്റെ ഭാഗമല്ല. ഇന്ത്യ എന്താണെന്ന് ഞങ്ങള്‍ക്കറിയാം, ഞങ്ങളെടുക്കുന്നതാണ് തീരുമാനം. ഒരു രാജ്യമെന്ന നിലയില്‍ ഒന്നിച്ചുനില്‍ക്കണം.”എന്നാണ് സച്ചിന്‍ കുറിച്ചത്.

Top