ഉന്നാവോ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ താത്കാലിക കോടതി ഒരുക്കണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗര്‍ പ്രതിയായ ഉന്നാവോ മാനഭംഗക്കേസിലെ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ താത്കാലിക കോടതി ഒരുക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശം. പെണ്‍കുട്ടിയുടെ ആരോഗ്യനിലയെ കുറിച്ച് സിബിഐ ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി നിര്‍ദേശം. റോഡപകടത്തില്‍ പെട്ടതിനെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി രണ്ടാഴ്ച കൂടി സമയം അനുവദിച്ചു.

ജൂലൈ 28നാണ് പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറില്‍ റായ്ബറേലിയില്‍വെച്ച് ട്രക്കിടിച്ചത്. പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു. കാറപകടത്തിന് പിന്നില്‍ സെന്‍ഗാറാണെന്ന് തന്നെയാണെന്ന് ഇരയായ പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. തന്നെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ സെന്‍ഗാര്‍ ആസൂത്രണം ചെയ്ത നടപ്പാക്കിയതാണ് അപകടം. പീഡനക്കേസ് പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലമെന്നും സെന്‍ഗാറും കൂട്ടാളികളും ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.

സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയില്‍ താത്കാലിക കോടതി ക്രമീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്. പ്രത്യേക സിബിഐ കോടതി ജഡ്ജിയുടെ അപേക്ഷയെ തുടര്‍ന്നു ഡല്‍ഹി ഹൈക്കോടതിയോടാണ് തീരുമാനം എടുക്കാന്‍ നിര്‍ദേശം നല്‍കിയത്. കേസിന്റെ വിചാരണ എത്ര ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നു അറിയിക്കണമെന്നും പ്രത്യേക സിബിഐ കോടതി ജഡ്ജിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

കേസില്‍ സെന്‍ഗര്‍ അടക്കം പത്തുപേര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി സിബിഐ കേസെടുത്തിരുന്നു. അപകടത്തില്‍ ബലാത്സംഗ കേസിലെ സാക്ഷികൂടിയായ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ മരിച്ചിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയേയും അഭിഭാഷകനും സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരമാണ് ഡല്‍ഹി എയിംസിലേക്ക് മാറ്റിയത്.

Top