ഉന്നാവോ പെണ്‍കുട്ടിക്ക് മതിയായ സുരക്ഷ ഉറപ്പാക്കാന്‍ സിബിഐ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഉന്നാവോ പീഡന കേസിലെ ഇരയായ പെണ്‍കുട്ടിക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി സിബിഐ സുപ്രീംകോടതിയില്‍. ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാറിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടി ഗുരുതരമായ ഭീഷണി നേരിടുകയാണെന്നും പെണ്‍കുട്ടിക്ക്‌ മതിയായ സുരക്ഷ നല്‍കണമെന്നും സി.ബി.ഐ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

ഇതേതുടര്‍ന്ന് പെണ്‍കുട്ടിയെയും കുടുംബത്തെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ എന്തൊക്കെ നടപടിയെടുത്തുവെന്നതു സംബന്ധിച്ച് റിപ്പോര്‍ട്ടുനല്‍കാന്‍ കോടതി യു.പി.സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജഡ്ജി ധര്‍മ്മേഷ് ശര്‍മ്മയാണ് യു.പി സര്‍ക്കാറിന് നോട്ടീസ് നല്‍കിയത്.

ജൂലൈ 28-ന് റായ്ബറേലിയില്‍വെച്ച് പെണ്‍കുട്ടിയും അഭിഭാഷകനും സംഘവും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ച് അപകടമുണ്ടായതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പെണ്‍കുട്ടിയുടെ ബന്ധുകള്‍ അപകടത്തില്‍ മരിച്ചിരുന്നു. കരുതിക്കൂട്ടിയുള്ള അപകടമാണിതെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.

Top