ഉന്നാവോ അപകടം, സർവ്വത്ര ദുരൂഹത, ട്രക്കിന്റെ നമ്പറും മായ്ച്ചിരുന്നു !

റായ്ബറേലി : ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിനെതിരെ ലൈംഗികപീഡന പരാതി ഉന്നയിച്ച പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍
ദുരൂഹത.

ഇവരുടെ കാറിലിടിച്ച ട്രക്കിന്റെ നമ്പര്‍ പ്ലേറ്റ് കറുത്ത പെയിന്റടിച്ച് മായ്ച്ച നിലയിലാരുന്നു. സംഭവ ദിവസം ഇവര്‍ക്ക് സുരക്ഷ ഉണ്ടായിരുന്നില്ല. ഈ കാരണങ്ങളെല്ലാം ദുരൂഹത ഉയര്‍ത്തുന്നതാണ്. പെണ്‍കുട്ടിയോടൊപ്പം കാറില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിക്കാത്തതും സംശയത്തിന് ഇടനല്‍കുന്നു. എന്നാല്‍ കാറില്‍ സ്ഥലമില്ലാത്തതിനാല്‍ സുരക്ഷ ഉദ്യോസ്ഥരെ പെണ്‍കുട്ടി തന്നെ നിരസിച്ചതാണെന്നാണ് പൊലീസ് വാദം.

അപകടത്തെ സംബന്ധിച്ച് വിശദ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അപകടം ആസൂത്രിതമാണെന്നും എംഎല്‍എക്ക് പങ്കുണ്ടെന്നും ആരോപിച്ച് പെണ്‍കുട്ടിയുടെ സഹോദരി രംഗത്തെത്തിയിട്ടുണ്ട്.

റായ്ബറേലിയിലെ ബന്ധുവീട്ടിലേക്കുള്ള യാത്രയിലായിരുന്നു പെണ്‍കുട്ടിയും കുടുംബവും. ഇവര്‍ സഞ്ചരിച്ച കാറിലേക്ക് ട്രക്ക് വന്നിടിക്കുകയായിരുന്നു. അപകടം നടന്നയുടന്‍ ട്രക്ക് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന അമ്മയും, ബന്ധുവും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ പെണ്‍ക്കുട്ടിയും, അഭിഭാഷകനും ചികിത്സയിലാണ്. തലയ്ക്ക് ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തുന്നത്.

കാറിന്റെയും ട്രക്കിന്റെയും ഫൊറന്‍സിക് പരിശോധന ഉടന്‍ നടത്തുമെന്ന് ഡിഐജി അറിയിച്ചു. അപകടത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും, ട്രക്കിന്റെ ഡ്രൈവറെയും ഉടമസ്ഥനെയും അറസ്റ്റ് ചെയ്തതായും പൊലീസ് വ്യക്തമാക്കി.

2017ലാണ് പതിനാറുകാരി എംഎല്‍എക്കെതിരെ ലൈംഗികപീഡനപരാതി ഉന്നയിച്ച് രംഗത്തെത്തിയത്. നീതിക്കായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

Top