ഉന്നാവോ പെണ്‍കുട്ടിയുടെ മരണമൊഴി കൊലപാതകികളുടെ പെട്ടിയില്‍ ആണിയടിക്കും

Violence

ഴിഞ്ഞ ആഴ്ച ഉന്നാവോയില്‍ അഞ്ച് പേര്‍ ചേര്‍ന്ന് തീകൊളുത്തി കൊലപ്പെടുത്തിയ ഉന്നാവോ പീഡന ഇരയുടെ മരണമൊഴി പ്രതികളെ കോടതിയില്‍ കുരുക്കുന്ന ശക്തമായ തെളിവായി മാറുമെന്ന് ഉത്തര്‍പ്രദേശ് ഡിജിപി ഒപി സിംഗ്. പീഡനത്തിന് ഇരയാക്കിയ രണ്ട് പേര്‍ ഉള്‍പ്പെടെയുള്ള പ്രതികളാണ് കോടതിയിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ കുത്തിപ്പരുക്കേല്‍പ്പിക്കുകയും, ജീവനോടെ തീകൊളുത്തുകയും ചെയ്തത്.

ഡിസംബര്‍ 5ന് ഗുരുതരമായി പൊള്ളലേറ്റ് ലക്‌നൗ ശ്യാമ പ്രസാദ് മുഖര്‍ജി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അഡ്മിനിസ്‌ട്രേറ്റീവ് മജിസ്‌ട്രേറ്റ് ഇരയുടെ മരണമൊഴി എടുത്തത്. ഡിസംബര്‍ 6ന് ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വെച്ച് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. കേസ് മുന്‍ഗണനാ ക്രമത്തില്‍ പരിഗണിച്ച് അഞ്ച് പ്രതികളെയും അതിവേഗ കോടതിയില്‍ വിചാരണ ചെയ്യുമെന്ന് സിംഗ് വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ പിതാവ്, മുതിര്‍ന്ന സഹോദരിമാര്‍, ഡോക്ടര്‍മാര്‍ എന്നിവരുടെ മൊഴികളും കേസില്‍ പ്രതികള്‍ക്കെതിരെ ശക്തമായി തെളിവാകും. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരോട് എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതികളുടെ ഡിഎന്‍എ പരിശോധനയും നടത്തും. ഇരയുടെ പഴ്‌സ്, മൊബൈല്‍, മറ്റ് വസ്തുക്കള്‍ എന്നിവ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ശിവം, ശുഭം എന്നീ സഹോദരങ്ങളാണ് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയത്. ഈ കേസില്‍ നവംബര്‍ 25ന് ജാമ്യത്തില്‍ ഇറങ്ങി പത്താം ദിവസമാണ് യുവതിയെ ജീവനോടെ തീകൊളുത്തിയത്.

Top