യോഗി വരട്ടെ, മകളുടെ കത്തിക്കരിഞ്ഞ ശരീരം കാണട്ടെ;സംസ്‌കാരം നിര്‍ത്തിവെച്ച് മാതാപിതാക്കള്‍

yogi-adithya-nath

ന്നാവോ പീഡനകൊലപാതകത്തിന് ഇരയായ 23കാരിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച് കുടുംബം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തങ്ങളെ സന്ദര്‍ശിക്കുന്നത് വരെ മൃതദേഹം സംസ്‌കരിക്കേണ്ടെന്നാണ് ഇവരുടെ തീരുമാനം. ശനിയാഴ്ച ഉന്നാവോ ഗ്രാമത്തില്‍ എത്തിച്ച മൃതദേഹം ഇന്ന് സംസ്‌കരിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

എന്നാല്‍ മുഖ്യമന്ത്രി കൃത്യമായി ഉറപ്പ് നല്‍കാതെ സംസ്‌കാരം നടത്തേണ്ടെന്നാണ് കുടുംബം വാദിക്കുന്നത്. 90 ശതമാനം പൊള്ളലേറ്റ യുവതി വെള്ളിയാഴ്ച രാത്രിയാണ് മരണപ്പെട്ടത്. റായ്ബറേലിയിലെ കോടതിയിലേക്ക് തന്നെ പീഡിപ്പിച്ചവര്‍ക്കെതിരെയുള്ള കേസിന്റെ വിചാരണയ്ക്കായി പോകവെയാണ് ഈ പ്രതികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ ചേര്‍ന്ന് യുവതിയെ ജീവനോടെ തീകൊളുത്തിയത്.

മൃതശരീരം ദഹിപ്പിക്കാതെ അടക്കം ചെയ്യാനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്. വെള്ളത്തുണിയില്‍ പൊതിഞ്ഞ മൃതദേഹം കുടുംബവും, സുരക്ഷാ വലയവും ചേര്‍ന്നാണ് ഉന്നാവോ ഗ്രാമത്തില്‍ എത്തിയത്. ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലായിരുന്നു യുവതി അന്ത്യശ്വാസം വലിച്ചത്. യുപിയിലെ മറ്റ് മന്ത്രിമാരല്ല മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ നേരിട്ട് കുടുംബത്തെ കാണാന്‍ എത്തണമെന്നാണ് ഉന്നാവോ പെണ്‍കുട്ടിയുടെ പിതാവ് ആവശ്യപ്പെടുന്നത്.

പ്രതികള്‍ക്കെതിരായ നടപടി മുഖ്യമന്ത്രി തന്നെ നേരിട്ടെത്തി ഉറപ്പ് നല്‍കണം. കൂടാതെ ഹൈദരാബാദ് കേസിലെ പീഡന കൊലപാതകത്തിലെ പ്രതികളെ വകവരുത്തിയത് പോലെ തന്റെ മകളെ കൊലപ്പെടുത്തിയവരുടെയും വിധി നടപ്പാക്കണമെന്നും ആ പിതാവ് ആവശ്യപ്പെടുന്നു.

Top