ഉന്നാവോ പെണ്‍കുട്ടിയുടെ കൊലപാതകം; ആറ് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ 23കാരിയെ ബലാംത്സംഗം ചെയ്ത് പ്രതികള്‍ കത്തിച്ച് കൊന്ന സംഭവത്തില്‍ ആറ് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഭാടിന്‍ ഖേഡായ്ക്ക് അടുത്തുള്ള ബീഹാര്‍ പോലീസ് സ്റ്റേഷനിലെ രണ്ട് ഇന്‍സ്‌പെക്ടര്‍മാരെയും മൂന്ന് കോണ്‍സ്റ്റബിള്‍മാരുമാരെയുമാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത് .

സ്റ്റേഷന്‍ ഇന്‍ചാര്‍ജായ അജയ് ത്രിപാഠി, അരവിന്ദ് സിങ് രഖു വൈശി, എസ്‌ഐ ശ്രീറാം തിവാരി, പോലീസുകാരായ പങ്കജ് യാദവ്, മനോജ്, സന്ദീപ് കുമാര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത് എസ്പി വിക്രാന്ത് വീറാണ്.യുവതിയെ ബലാത്സംഗ കേസ് പ്രതികള്‍ തീയിട്ട് കൊലപ്പെടുത്തിയ സമയത്ത് ഈ പ്രദേശത്തിന്റെ ചുമതലയിലുള്ള പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്നു ഇവരെല്ലാം.

പ്രതികളുടെ ഭീഷണിയുണ്ടെന്ന് പരാതി നല്‍കിയിട്ടും പൊലീസ് സംരക്ഷണം നല്‍കിയില്ലെന്ന് യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. ഉന്നാവിലെ 23 കാരിയെ പ്രതികള്‍ മുമ്പും കൊല്ലുമെന്ന് പ്രതികളായ ശിവം ത്രിവേദി,ഹരിശങ്കര്‍ ത്രിവേദി, ശുഭം ത്രിവേദി, റാം കിഷോര്‍, ഉമേഷ്എന്നിവര്‍ഭീഷണിപ്പെടുത്തിയിരുന്നതായി കൊല്ലപ്പെട്ട യുവതിയുടെ അച്ഛന്‍ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങള്‍ പൊലീസിനെ അറിയിച്ചിട്ടും സംരക്ഷണം നല്‍കിയില്ലെന്നും ഇദ്ദേഹം പറഞ്ഞു.

അതേസമയം പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം തെറ്റാണെന്നും സിബിഐ അന്വേഷണം വേണമെന്നും പ്രതികളുടെ ബന്ധുക്കള്‍ പറഞ്ഞു.പൊലീസില്‍ വിശ്വാസം ഇല്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ശുഭം ത്രിവേദിയുടെ അമ്മയും സഹോദരിയും ആവശ്യപ്പെടുന്നത്.

വിചാരണയ്ക്കായി റായ്ബറേലി കോടതിയില്‍ പോയ ഇരയായ യുവതിയെ പ്രതികള്‍ തീ കൊളുത്തി എന്നാണ് കേസ്. ഭാട്ടന്‍ ഖേഡായിലെ ഉയര്‍ന്ന സമുദായ അംഗങ്ങളാണ് പ്രതികള്‍.

Top