യു.പിയിലെ ആ ദുരൂഹമായ ‘അപകടം’ പ്രതിരോധത്തിലാക്കിയത് ബി.ജെ.പിയെ

രു വ്യക്തിയുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട ബാധ്യത സ്റ്റേറ്റിന്റെയാണ്. അതിന് കഴിയുന്നില്ലെങ്കില്‍ ഒന്നുകില്‍ രാജി വച്ച് പോകണം, അതല്ലെങ്കില്‍ പിന്നെ ആ സംസ്ഥാന ഭരണകൂടത്തെ തന്നെ പിരിച്ച് വിടണം. ഇതിന് രണ്ടിനും തയ്യാറല്ലെങ്കില്‍ ജനങ്ങളാണ് ഒടുവില്‍ വിധിയെഴുതേണ്ടത്.

രാജ്യത്ത് ഏറ്റവും അധികം എം.പിമാരെ ലോക്‌സഭയ്ക്ക് സംഭാവന ചെയ്യുന്ന യു.പിയില്‍ നിന്നും കേള്‍ക്കുന്നത് രാജ്യത്തെ ഞെട്ടിക്കുന്ന സംഭവ വികാസങ്ങളാണ്. അത് ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ തുടങ്ങി ദുരൂഹ അപകടത്തില്‍ വരെ എത്തി നില്‍ക്കുകയാണ്. ഇവിടെ എല്ലായിടത്തും വില്ലന്‍മാര്‍ കാവി രാഷ്ട്രീയത്തിന്റെ വക്താക്കളാണ്.

ഏറ്റവും ഒടുവില്‍ യു.പിയില്‍ നിന്നും വരുന്ന വാര്‍ത്തയും രാജ്യത്തെ ജനങ്ങളില്‍ ഭീതി ഉണര്‍ത്തുന്നതാണ്. കൊടുങ്കാറ്റ് സൃഷ്ടിച്ച ഉന്നാവോ പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടി സഞ്ചരിച്ച വാഹനത്തില്‍ ട്രക്ക് ഇടിച്ച് രണ്ടു പേരാണ് മരണപ്പെട്ടിരിക്കുന്നത്. കാറില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയും അഭിഭാഷകനും ജീവനു വേണ്ടി മല്ലിടുകയാണ്.

അപകടത്തിന്റെ സ്വഭാവവും പശ്ചാത്തലവും പരിശോധിച്ചാല്‍ ഇത് വെറുമൊരു അപകടമായി കാണാന്‍ ഒരിക്കലും സാധിക്കുകയില്ല. ഇക്കാര്യം മുന്‍ മുഖ്യമന്ത്രി കൂടിയായ അഖിലേഷ് യാദവ് ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാണിച്ചുക്കഴിഞ്ഞു. പാര്‍ലമെന്റിലും വലിയ പ്രതിഷേധമാണിപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

ബി.ജെ.പി എം.എല്‍.എ പ്രതിസ്ഥാനത്തുള്ള ഉന്നാവോ പീഡനക്കേസിന്റെ പ്രതികാരമാണോ അപകടമെന്നത് ഗൗരവമായി തന്നെ പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ യു.പി സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ആരും തന്നെ നീതി പ്രതീക്ഷിക്കുന്നില്ല. മോദി സര്‍ക്കാറിനു കീഴിലുള്ള സി.ബി.ഐയില്‍ പലര്‍ക്കും വിശ്വാസമില്ലെങ്കിലും നമുക്ക് മുന്നില്‍ മറ്റു മാര്‍ഗ്ഗങ്ങളില്ല. കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സി.ബി.ഐ അന്വേഷണം നടത്തിയാല്‍ മാത്രമേ യാഥാര്‍ത്ഥ്യം വ്യക്തമാവുകയുള്ളൂ.

സര്‍ക്കാര്‍ ജീവനക്കാരെ മധ്യപ്രദേശിലെ ബി.ജെ.പി എം.എല്‍.എ തല്ലിയപ്പോള്‍ കോപിച്ച പ്രധാനമന്ത്രി ഇക്കാര്യത്തില്‍ നീതിപൂര്‍വ്വമായ സമീപനമാണ് സ്വീകരിക്കേണ്ടത്.

സര്‍ക്കാര്‍ ക്രിമിനലുകള്‍ക്ക് ഒരിക്കലും കാവി പരവതാനി വിരിക്കരുത്. ഭരിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ ബിജെപിക്ക് ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്വമാണുള്ളത്.

കേന്ദ്രത്തിലും യു.പിയിലും ഭരിക്കുന്നത് ബി.ജെ.പിയാണ്. ദുരൂഹ അപകടത്തിലും സംശയത്തിന്റെ മുന നീളുന്നത് ബി.ജെ.പി എം.എല്‍.എയിലേക്ക് തന്നെയാണ്. ഉന്നാവോ പീഡനക്കേസിലെ പ്രതികള്‍ ജയിലില്‍ കിടക്കുന്നത് അവര്‍ക്ക് രക്ഷപ്പെടാനുള്ള ലൈസന്‍സാക്കി ഒരിക്കലും മാറ്റാനിടയാക്കരുത്.

വലിയ ക്രൈമുകള്‍ ആസൂത്രണം ചെയ്യുന്നവര്‍ കാരാഗ്രഹവാസമാണ് പ്രതികാരത്തിനായി തിരഞ്ഞെടുക്കാറ്. ഇത്തരം നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്നില്‍ ചൂണ്ടിക്കാട്ടാനുമുണ്ട്. ആഴത്തിലുള്ള അന്വേഷണമാണ് ഇവിടെ ആവശ്യം.

ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ പ്രതിയായ പീഡനക്കേസിലെ ഇര കൊല്ലപ്പെട്ടാല്‍ ആര്‍ക്കാണ് നേട്ടമെന്നത് വ്യക്തമാണ്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ റായ്ബറേലി- ഫതേപുര്‍ റോഡിലാണ് അപകടം നടന്നിരിക്കുന്നത്. പെണ്‍കുട്ടി സഞ്ചരിച്ച വാഹനത്തില്‍ ട്രക്ക് ഇടിപ്പിച്ച ശേഷം ഡ്രൈവര്‍ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.ഇവരുടെ കാറിലിടിച്ച ട്രക്കിന്റെ നമ്പര്‍ പ്ലേറ്റ് കറുത്ത പെയിന്റടിച്ച് മായ്ച്ച നിലയിലാരുന്നുവെന്നതും സംഭവ ദിവസം ഇവര്‍ക്ക് സുരക്ഷ ഉണ്ടായിരുന്നില്ല എന്നതും ഞെട്ടിക്കുന്ന വിവരങ്ങളാണ്.

പെണ്‍കുട്ടിയുടെ പിതാവ് നേരത്തെ പോലീസ് കസ്റ്റഡിയിലാണ് കൊല്ലപ്പെട്ടിരുന്നത്. ഈ കേസിലെ മറ്റൊരു സാക്ഷിയും ദുരൂഹ സാഹചര്യത്തിലാണ് മരണപ്പെട്ടിരുന്നത്. സിനിമാ കഥയെ വെല്ലുന്ന തിരക്കഥ ഒരുക്കിയാണ് പ്രതികാരം ചെയ്തിരിക്കുന്നതെന്ന് വ്യക്തം. 2017 ജൂണ്‍ നാലിനാണ് ഉന്നാവോ പീഡനം അരങ്ങേറിയത്. ജോലി അഭ്യര്‍ഥിച്ച് ഒരു ബന്ധുവിനൊപ്പം എം.എല്‍.എയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ എം.എല്‍.എ കുല്‍ദീപ് സിങ് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.

എം.എല്‍.എയ്ക്കെതിരെ 16 കാരിയായ ഉന്നാവോ പെണ്‍കുട്ടി നല്‍കിയ ബലാത്സംഗ പരാതിയും യോഗി ആദിത്യനാഥ് സര്‍ക്കാര്‍, എം.എല്‍.എയെ സംരക്ഷിക്കുന്നതായുള്ള ആരോപണവും വലിയ പ്രതിഷേധമാണ് ബിജെപിക്കെതിരെ ഉയര്‍ത്തിയിരുന്നത്.

നീതി തേടി മുഖ്യമന്ത്രി യോഗിയുടെ വീടിന് മുന്നില്‍ പ്രതിഷേധവുമായെത്തിയ പെണ്‍കുട്ടിയും അമ്മയും തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഈ സംഭവം ദേശീയ തലത്തില്‍ തന്നെ വന്‍ വിവാദത്തിനാണ് വഴിമരുന്നിട്ടിരുന്നത്. പ്രതിഷേധം വ്യാപകമായതോടെ കേസ് പിന്നീട് യുപി സര്‍ക്കാര്‍ സി.ബി.ഐ.ക്ക് കൈമാറുകയായിരുന്നു.

തുടര്‍ന്ന് കേസന്വേഷണം ഏറ്റെടുത്ത സി.ബി.ഐ ബലാത്സംഗവും ക്രിമിനല്‍ ഗൂഢാലോചനയും എം.എല്‍.എക്ക് മേല്‍ ചുമത്തിയിരുന്നു.എം.എല്‍.എ കുല്‍ദീപ് സെന്‍ഗര്‍ ഒരു വര്‍ഷമായി ജയിലിലാണ്. സഹോദരന്‍ അതുല്‍ സെന്‍ഗറിനും മറ്റ് രണ്ട് പേര്‍ക്കുമെതിരെ സി.ബി.ഐ കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്. ജോലി വാഗ്ദാനം ചെയ്ത് ശശി സിംഗ് എന്നയാളാണ് പെണ്‍കുട്ടിയെ എംഎല്‍എയ്ക്കടുത്ത് കൊണ്ടുപോയിരുന്നത്. ശശി സിംഗും പീഡനക്കേസില്‍ കൂട്ടുപ്രതിയാണ്.

രാജ്യ മനസാക്ഷിയെ പിടിച്ചുലച്ച ഉന്നാവോ പീഢന കേസ് ഇപ്പോഴത്തെ അപകടത്തോടെ വീണ്ടും സജീവമാവുകയാണ്. വാഹനത്തിന്റെ നമ്പര്‍ പ്ലെയിറ്റ് മറച്ച് വച്ചതില്‍ തന്നെ ഗൂഢാലോചന വ്യക്തമാണ്. ഒരു കൂട്ടകുരുതിയാണോ ലക്ഷ്യമിട്ടത് എന്നത് സംബന്ധമായ മുഴുവന്‍ വിവരവും പുറത്ത് വരണം. പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും അവരെ വെറുതെ വിടരുത്. രാജ്യം ആഗ്രഹിക്കുന്നതും അതു തന്നെയാണ്.

Top