ഉന്നാവോ പെണ്‍കുട്ടിയുടെ അച്ഛനെ ചികിത്സിച്ച ഡോക്ടര്‍ മരിച്ചു; ദുരൂഹത !

ഉന്നാവ് (യു.പി): ഉന്നാവോ ബലാത്സംഗക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ഡോ പ്രശാന്ത് ഉപാദ്ധ്യായയാണ് മരിച്ചത്. ശ്വാസ തടസമുണ്ടാവുകയും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു എന്നുമാണ് റിപ്പോര്‍ട്ട്.

പെണ്‍കുട്ടിയുടെ പിതാവിന് പോലീസിന്റെ ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നതിന് പിന്നാലെ ചികിത്സ നല്‍കിയ ഡോക്ടറാണ് ഉപാദ്ധ്യ. പ്രഥമ ശുശ്രൂഷ നല്‍കി ഡോക്ടര്‍ വിട്ടയച്ച പെണ്‍കുട്ടിയുടെ പിതാവ് പിന്നീട് പോലീസ് കസ്റ്റഡിയില്‍ മരിച്ചിരുന്നു. ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് ഡോക്ടറുടെ മരണമെന്നത് ദുരൂഹത സൃഷ്ടിക്കുന്നു.

ജില്ലാ ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡിന്റെ ചുമതല വഹിക്കവെയാണ് ഡോ. പ്രശാന്ത് ഉപാധ്യായയ്ക്ക് പെണ്‍കുട്ടിയുടെ പിതാവിനെ ചികിത്സിക്കേണ്ടി വന്നത്. കസ്റ്റഡി മരണം സംബന്ധിച്ച് കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഡോക്ടറെ സ്ഥലംമാറ്റിയിരുന്നു. പിന്നീട് ജോലിയില്‍ തിരിച്ചെടുത്ത അദ്ദേഹം ഫത്തേപൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു.

ഏപ്രിൽ 09 നാണ് പൊലീസ് തടവിലിരിക്കെ പെൺകുട്ടിയുടെ അച്ഛൻ ആശുപത്രിയിൽ മരിച്ചത്. കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറിന് കോടതി കഴിഞ്ഞ ദിവസം ജീവപര്യന്തം തടവ് വിധിച്ചിരുന്നു.
25 ലക്ഷം രൂപ സെംഗാറിന് പിഴ വിധിച്ച കോടതി ഇതിൽ 10 ലക്ഷം രൂപ ഇരയായ പെൺകുട്ടിക്ക് നൽകണമെന്നും ഉത്തരവിട്ടു. കുല്‍ദീപ് സിങ് സേംഗര്‍ തിഹാര്‍ ജയിലിലാണ് ഇപ്പോള്‍.

Top