‘വ്യാപം’ വ്യാപിച്ച് ഇപ്പോള്‍ ഉന്നാവോയിലും ? സിനിമയെ വെല്ലും ഈ തിരക്കഥകള്‍ . . !

യുപിയിലെ ഉന്നാവോ പീഡന കേസിന്റെ പശ്ചാത്തലത്തില്‍ മധ്യപ്രദേശിലെ വ്യാപം കേസും ഇപ്പോള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. രണ്ട് സംസ്ഥാനത്തും ബി.ജെ.പിയാണ് പ്രതിരോധത്തിലാകുന്നത്. ഉന്നാവോ പീഢന കേസിലെ പ്രതി തന്നെ ബി.ജെ.പി എം.എല്‍.എയാണ്. ഇരയുടെ പിതാവ് പൊലീസ് കസ്റ്റഡിയിലാണ് കൊല്ലപ്പെട്ടിരുന്നത്.മറ്റൊരു സാക്ഷി ദുരൂഹ സാഹചര്യത്തിലും മരിച്ചു.

ഏറ്റവും ഒടുവില്‍ ഇപ്പോള്‍ ഇരയായ പെണ്‍കുട്ടി സഞ്ചരിച്ച വാഹനവും ദുരൂഹ സാഹചര്യത്തില്‍ അപകടത്തില്‍പ്പെട്ടിരിക്കുകയാണ്. വാഹനത്തിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ മരണപ്പെട്ടു കഴിഞ്ഞു. പെണ്‍കുട്ടിയും അഭിഭാഷകനും ജീവനുവേണ്ടിയിപ്പോള്‍ പിടയുകയാണ്. രാജ്യത്തെ ആകെ ഞെട്ടിച്ച സംഭവമായി ഈ അപകടം മാറി കഴിഞ്ഞു.

ഇടിച്ച ട്രക്കിന്റെ നമ്പര്‍ പ്ലെയിറ്റ് കറുത്ത പെയിന്റ് അടിച്ച് മറച്ചതില്‍ തന്നെ ഗൂഢാലോചന വ്യക്തമാണ്. സിനിമാ ക്രൈം ത്രില്ലറുകളെ വെല്ലുന്ന സംഭവ വികാസങ്ങളാണ് രാജ്യത്ത് അരങ്ങേറുന്നത്. അത് വ്യാപത്തിലായാലും ഉന്നാവോ സംഭവത്തിലായാലും ഒരു പോലെയാണ് സംഭവിക്കുന്നത്.

യു.പിയില്‍ യോഗി സര്‍ക്കാരിനെതിരെയാണ് പ്രതിഷേധം. മധ്യപ്രദേശില്‍ വ്യാപം കേസില്‍ പ്രതിക്കൂട്ടിലായിരുന്നതും മുന്‍ ബി.ജെ.പി സര്‍ക്കാരായിരുന്നു.

രാജ്യത്തെ ഒറ്റപ്പെട്ട അഴിമതിയല്ല വ്യാപം. എന്നാല്‍ മരണങ്ങളുടെ പരമ്പരയില്‍ വ്യാപം അഴിമതി വ്യാപിച്ച് കിടക്കുകയാണ്. ഈ അഴിമതിയുമായി ബന്ധപ്പെട്ട് ഏകദേശം 44 പേരോളമാണ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിരിക്കുന്നത്. മരിച്ചവരിലേറെയും 25-നും 30-നുമിടയില്‍ പ്രായമുള്ളവരാണ്. റോഡപകടങ്ങളിലാണ് ഭൂരിഭാഗം മരണങ്ങളും സംഭവിച്ചിരിക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥര്‍ പോലും ഇങ്ങനെ മരണപ്പെട്ടവരില്‍ ഉണ്ട് എന്നത് അമ്പരപ്പിക്കുന്ന കാര്യം തന്നെയാണ്. മരണക്കെണിയൊരുക്കിയ യഥാര്‍ത്ഥ വില്ലന്‍ ഇപ്പോഴും അദൃശ്യമായി ഒളിഞ്ഞിരിക്കുകയാണ്.

വ്യാപം അഴിമതിയില്‍ സാക്ഷിയായ എംബിബിഎസ് വിദ്യാര്‍ത്ഥിയായ നര്‍മദ ദാമോദര്‍ മരിച്ചതാണ് കോളിളക്കം സൃഷ്ടിച്ച ആദ്യ സംഭവം. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ അഭിമുഖം നടത്താനായി ചെന്ന മാധ്യമപ്രവര്‍ത്തകനായ അക്ഷയ് സിംഗും മരണപ്പെട്ടു. സബ് ഇന്‍സ്പെക്ടര്‍ ട്രെയ്നിയായ അനാമിക കുഷ്വാഹയെ ഒരു കുളത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്.

വ്യാപം കേസ് ആരംംഭിക്കുന്നത് 2007ലാണെങ്കിലും 2013-ല്‍ മാത്രമാണ് ഇതിന്റെ ചില വിശദാംശങ്ങള്‍ പുറത്തുവന്നത്. മധ്യപ്രദേശ് പ്രൊഫഷണല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് ഏതാണ്ട് ആറുവര്‍ഷമായി കോഴ്‌സുകളിലേക്കും ജോലികളിലേക്കുമായി നടത്തിയ വിവിധ പ്രവേശനപ്പരീക്ഷകളില്‍ ക്രമക്കേട് നടത്തിയെന്നതാണ് വ്യാപം കേസ്.

പ്രവേശന പരീക്ഷയില്‍ അയോഗ്യരായ പലര്‍ക്കും കോടികള്‍ കൈക്കൂലി വാങ്ങി നിയമനം നല്‍കിയെന്നാണ് ആരോപണം. 2013 ല്‍ ഇന്‍ഡോറില്‍ നിന്നുള്ള ഡോ. ആനന്ദ് റായി ആണ് ക്രമക്കേടുകളിലേക്ക് വെളിച്ചം വീശിയിരുന്നത്.

മുന്‍ ഗവര്‍ണര്‍ രാംനരേഷ് യാദവിന്റെ ഓഫീസുള്‍പ്പെടെ വിവിധ ഭരണഘടനാ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കേസില്‍ പ്രതിക്കൂട്ടിലാണ്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് നേരെയും സംശയത്തിന്റെ മുന നീണ്ടു. ഇതിലുള്‍പ്പെട്ടവരുടെ ദുരൂഹമരണങ്ങളും പരമ്പരയായി തുടര്‍ന്നു പോന്നു.

ഇതില്‍ രാംനരേഷ് യാദവിന്റെ മകന്‍ ശൈലേഷ് യാദവും ഉള്‍പ്പെടുന്നു. വിവിധ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള യോഗ്യതാ പട്ടികയില്‍ അര്‍ഹതയില്ലാത്ത 300-ലേറെപ്പേര്‍ ഇടംപിടിച്ചിട്ടുണ്ടെന്ന് കാണിച്ച് പരീക്ഷയെഴുതിയ ചില വിദ്യാര്‍ത്ഥികളുടെ രക്ഷാകര്‍ത്താക്കള്‍ മധ്യപ്രദേശ് ഹൈക്കോടതിക്ക് മുമ്പാകെ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് വ്യാപം അഴിമതിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിരുന്നത്.

മെഡിക്കല്‍ പ്രവേശന പരീക്ഷയിലെ ക്രമക്കേടുകള്‍ 2009 മുതലേ പുറത്തുവരാന്‍ തുടങ്ങിയിരുന്നു. പക്ഷേ 2013-ലാണ് അഴിമതിയുടെ കാണാകഥകള്‍ പുറത്തുവന്നിരുന്നത്. പുറത്ത് വന്ന വിവരങ്ങളനുസരിച്ച് മധ്യപ്രദേശിലെ ചില പ്രവേശനപരീക്ഷകളില്‍ 2004 മുതലേ തട്ടിപ്പ് നടക്കുന്നുണ്ടെന്നും വ്യക്തമായിരുന്നു.

ഇത് സംബന്ധമായി നടന്ന അന്വേഷണത്തില്‍ ഇതിനോടകം തന്നെ പല ഉന്നതരും പിടിയിലാവുകയും ചെയ്തിട്ടുണ്ട്. മുന്‍ വിദ്യാഭ്യാസ മന്ത്രി ലക്ഷ്മീകാന്ത് ശര്‍മ, പരീക്ഷാ ബോര്‍ഡ് കംട്രോളര്‍ പങ്കജ് ത്രിവേദി, സിസ്റ്റം അനലിസ്റ്റുകള്‍ നിതിന്‍ മഹേന്ദ്ര, അജയ് സെന്‍, സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷ ചുമതലക്കാരനായിരുന്ന സി കെ മിശ്ര എന്നിങ്ങനെ പലരും പ്രതിപ്പട്ടികയിലുണ്ട്.

പരീക്ഷാ തിരിമറി പ്രധാനമായും മൂന്നു വിധത്തിലാണ് നടന്നിരുന്നത്. മുന്‍ വര്‍ഷങ്ങളില്‍ പരീക്ഷ പാസായ മിടുക്കന്മാരായ വിദ്യാര്‍ത്ഥികളേയും ഉഗ്യോഗസ്ഥന്മാരേയും എജന്റുമാര്‍ പണം നല്‍കി പകരം പരീക്ഷാര്‍ത്ഥികളാക്കുന്നതാണ് ഒന്നാമത്തെ രീതി. രണ്ടാമത്തെ രീതി എക്‌സാമിനേഴ്‌സിന്റേയും പരീക്ഷ ഉദ്യോഗസ്ഥരുടേയും സഹായത്തില്‍ ഹാള്‍ ടിക്കറ്റിലെ ഫോട്ടോ മാറ്റി ഒട്ടിച്ച് പരീക്ഷ എഴുതിക്കുന്നതാണ് .

പരീക്ഷ കഴിഞ്ഞാലുടനെ ഫോട്ടോ മാറ്റുകയുകയായിരുന്നു പതിവ്. മിടുക്കന്മാരെ ഡമ്മി ഹാള്‍ ടിക്കറ്റ് കൊടുത്ത് പരീക്ഷാര്‍ത്ഥിയുടെ അടുത്ത് സീറ്റ് ക്രമീകരിച്ച് കോപ്പി അടിയ്ക്കാന്‍ അവസരം ഒരുക്കികൊടുക്കും. പരീക്ഷാര്‍ത്ഥികള്‍ ഉത്തരം എഴുതാതെ പരീക്ഷയില്‍ പങ്കെടുക്കുന്നതും പിന്നീട് ഉത്തരമെഴുതിയ കടലാസുകള്‍ അവര്‍ക്കു വേണ്ടി സമര്‍പ്പിക്കുന്നതുമെല്ലാം തട്ടിപ്പ് രീതികളായിരുന്നു.

കേസില്‍ ആദ്യം 20 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. വ്യാപത്തിലെ ‘വ്യാപനം’ ബോധ്യപ്പെട്ടതോടെ പിന്നീട് കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു. അനവധിപ്പേരെയാണ് സിബിഐ ഇത് സംബന്ധമായി അറസ്റ്റ് ചെയ്തിരിക്കുന്നത്.

2018 ജനുവരിയില്‍ അഴിമതിയുമായി ബന്ധപ്പെട്ട് 95 പ്രതികള്‍ക്കെതിരെ സിബിഐ പുതിയ കുറ്റപത്രം തന്നെ സമര്‍പ്പിച്ചിരുന്നു. ഇതോടെയാണ് വ്യാപം കേസ് വഴിത്തിരിവിലെത്തിയത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് നടന്ന മരണങ്ങള്‍ ഇപ്പോഴും ചോദ്യചിഹ്നമായി തന്നെ തുടരുകയാണ്. സിബിഐക്കും ഇക്കാര്യത്തിലെ ദുരൂഹത നീക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

അതേസമയം, വ്യാപം കേസിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകളാണ് പുറത്തായിരിക്കുന്നത്. സന്നദ്ധപ്രവര്‍ത്തകരെ അന്യായമായി നിയമിക്കുക, സ്വകാര്യ ബംഗ്ലാവുകളില്‍ സെക്യൂരിറ്റികളെ നിയമിക്കുക, വ്യാജ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ നിയമിക്കുക, എന്നിങ്ങനെ നിരവധി വിവരങ്ങളാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലൂടെ പുറത്തായിരിക്കുന്നത്.

Top