ഉന്നാവോ ബലാത്സംഗ കേസ്; ബിജെപി മുന്‍ എം.എല്‍.എ കുല്‍ദീപ് സെന്‍ഗാര്‍ കുറ്റക്കാരന്‍

ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ ബിജെപി മുന്‍ എം.എല്‍.എ കുല്‍ദീപ് സെന്‍ഗാര്‍ കുറ്റക്കാരനെന്ന് ഡല്‍ഹി തീസി ഹസാരി കോടതി.ജഡ്ജി ധര്‍മേന്ദ്ര കുമാറാണ് ഉന്നാവോ കേസിലെ വിധി പ്രസ്താവിച്ചത്. സെന്‍ഗറിന്റെ ശിക്ഷാവിധി വ്യാഴാഴ്ച പ്രഖ്യാപിക്കും.

2017-ല്‍ എംഎല്‍എയായിരിക്കെ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കുല്‍ദീപ് സെന്‍ഗാര്‍ വിളിച്ച് വരുത്തി തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി എന്നതാണ് കേസ്.

കേസിലെ ഒന്‍പത് പ്രതികളില്‍ ഒരാളെ കോടതി വെറുതെവിട്ടു. ശശി സിംഗ് എന്ന പ്രതിയെയാണ് വെറുതെ വിട്ടത്.

ഓഗസ്റ്റ് 5 മുതലാണ് കേസ് ഡല്‍ഹിയിലെ പ്രത്യേക കോടതി വിചാരണയ്ക്ക് എടുത്തത്. തുടർച്ചയായി ദിവസം തോറും വാദം കേട്ട ശേഷമാണ് കേസിൽ കോടതി വിധി പ്രസ്താവിച്ചത്.

പോക്സോ കേസുകള്‍ അന്വേഷിക്കുന്നതിന് കാര്യപ്രാത്പിയും വൈദഗ്ധ്യവുമുള്ളവര്‍ ഇന്ത്യയില്‍ കുറവാണ്. എന്നാല്‍ ഈ കേസില്‍ എന്തുകൊണ്ടാണ് പീഡനത്തിനിരയായ യുവതി പരാതി നല്‍കാന്‍ വൈകിയത് എന്ന കാര്യം വ്യക്തമല്ലെന്നും കോടതി പറഞ്ഞു. കുറ്റപത്രം വൈകിയതില്‍ സിബിഐയെ വിചാരണകോടതി വിമര്‍ശിച്ചു.

കുറ്റകരമായ ഗൂഢാലോചന (120 ബി), തട്ടിക്കൊണ്ടുപോകൽ (363), (366) തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാൻ സമ്മർദ്ദം ചെലുത്തൽ, (376) ബലാത്സംഗം, പോക്സോ എന്നീ വകുപ്പുകൾ ചുമത്തിയാണ് ബിജെപി എംഎൽഎയ്ക്ക് എതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നതും കുറ്റപത്രം നൽകിയിരിക്കുന്നതും.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കുല്‍ദീപ് സെംഗാര്‍ തട്ടിക്കൊണ്ടുപോകുന്നത് 2017-ലാണ്. ഉത്തര്‍പ്രദേശിലെ ബംഗര്‍മാവ് എന്ന മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എയായിരുന്നു കുല്‍ദീപ് സിംഗ് സെംഗാര്‍. ബലാത്സംഗ പരാതി ഉയര്‍ന്നപ്പോള്‍ എംഎല്‍എയ്ക്ക് എതിരെ ബിജെപി നടപടി എടുത്തിരുന്നില്ല. ബലാംത്സംഗത്തിനിരയായ യുവതി വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായതോടെയാണ് എംഎല്‍എയെ സസ്പെന്‍ഡ് ചെയ്തത്.

ജൂലൈ 28നായിരുന്നു റായ്ബറേലിയില്‍വെച്ച് പെണ്‍കുട്ടിയും അഭിഭാഷകനും സംഘവും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ച് അപകടമുണ്ടായത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അപകടത്തില്‍ മരിച്ചിരുന്നു. നമ്പര്‍ മറച്ച ട്രക്ക് അമിതവേഗത്തിലെത്തി കാറിലിടിക്കുകയായിരുന്നു.

Top