ഉന്നാവോ കൂട്ട മാനഭംഗക്കേസ്; ബിജെപി എംഎല്‍എയെ സിബിഐ അറസ്റ്റു ചെയ്തു

unnavo

അലഹബാദ്: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട മാനഭംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെനഗറിനെ സിബിഐ അറസ്റ്റു ചെയ്തു. കേസില്‍ അന്വേഷണ ചുമതലയുള്ള സിബിഐ ആണ് അറസ്റ്റ് ചെയ്തത്.

അലഹബാദ് ഹൈക്കോടതി സിബിഐയ്ക്കു നിര്‍ദേശം നല്‍കിതിനെ തുടര്‍ന്നാണ് അറസ്റ്റ്.  കേസുമായി ബന്ധപ്പെട്ട്  ചോദ്യം ചെയ്യാന്‍ എംഎല്‍എയെ ലക്‌നൗവിലെ വസതിയില്‍ നിന്നു വെള്ളിയാഴ്ച പുലര്‍ച്ചെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്യാനുള്ള കോടതി ഉത്തരവ്.

കേസിന്റെ അന്വേഷണം കൃത്യമായി നിരീക്ഷിക്കുമെന്നും വ്യക്തമാക്കിയ ഹൈക്കോടതി മേയ് രണ്ടിനകം അന്വേഷണ പുരോഗതി അറിയിക്കാനും സിബിഐ സംഘത്തിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.എംഎല്‍എയുടെ അറസ്റ്റ് വൈകുന്നതിനെതിരെ കടുത്ത വിമര്‍ശനവുമായി വ്യാഴാഴ്ചയും ഹൈക്കോടതി രംഗത്തെത്തിയിരുന്നു.

പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടും സര്‍ക്കാര്‍ അറസ്റ്റ് വൈകിപ്പിക്കുന്നതു ജനാധിപത്യത്തിനു ഭീഷണിയാണെന്ന് ചീഫ് ജസ്റ്റിസ് ദിലീപ് ബാബാ സാഹബ് ബോസ് ലേ പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സ്വരൂപ് ചതുര്‍വേദി എഴുതിയ കത്ത് പൊതുതാല്‍പര്യ ഹര്‍ജിയായി പരിഗണിച്ചാണു കോടതി സംഭവത്തില്‍ ഇടപെട്ടത്.

കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു മാനഭംഗം സംബന്ധിച്ച് പെണ്‍കുട്ടി ആദ്യം പരാതി നല്‍കിയത്. എന്നാല്‍ സംഭവത്തില്‍ കേസെടുക്കുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞ ഞായറാഴ്ച പെണ്‍കുട്ടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതോടെയാണു സംഭവം വിവാദമായത്.

ഇതിനിടെ, ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയുടെ പിതാവ് ജയിലില്‍ മരിച്ചിരുന്നു. സംഭവം വന്‍ വിവാദമായതിനു പിന്നാലെ മാനഭംഗക്കേസിന്റെയും പെണ്‍കുട്ടിയുടെ പിതാവിന്റെ മരണത്തിന്റെയും അന്വേഷണം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സിബിഐയ്ക്കു കൈമാറിയത്.

Top