ഉന്നാവ് പീഡനം; ബിജെപി എംഎൽഎക്കെതിരെ മാനഭംഗക്കേസ് നിലനില്‍ക്കുമെന്ന് സിബിഐ

unnao

ലഖ്‌നൗ: ഉന്നാവ് പീഡനക്കേസില്‍ കുറ്റാരോപിതനായ ബി.ജെ.പി എംഎല്‍എ കുല്‍ദീപ് സെനഗറിനെതിരെ മാനഭംഗക്കേസ് നിലനില്‍ക്കുമെന്ന് സിബിഐ. ഫൊറന്‍സിക് തെളിവുകളും അന്വേഷണത്തിലെ കണ്ടെത്തലുകളും ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ ആരോപണം ശരിവെയ്ക്കുന്നതാണെന്ന് അന്വേഷണ ഏജന്‍സി കണ്ടെത്തി.

മജിസ്‌ട്രേറ്റിന്റെ സാന്നിദ്ധ്യത്തിലാണ് സിബിഐ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ പരാതി പ്രകാരം അവരെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കുന്നതു പൊലീസ് വൈകിപ്പിച്ചു. പരിശോധന വൈകിപ്പിച്ചത് സെനഗറിനെ രക്ഷപ്പെടുത്താനാണെന്ന നിഗമനത്തിലാണ് സിബിഐ. കൂടാതെ എഫ്.ഐ.ആറില്‍ എംഎല്‍എയുടെ പേരും രേഖപ്പെടുത്തിയിരുന്നില്ല.

വസ്ത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കുന്നതില്‍ വീഴ്ച വരുത്തിയത് പ്രതികളെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള കരുതിക്കൂട്ടിയുള്ള നീക്കമായിരുന്നെന്ന് ഒരു സിബിഐ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഏപ്രില്‍ 13നും 14നുമാണ് കുല്‍ദീപ് സിങ് സെനഗറിനെയും അദ്ദേഹത്തിന്റെ സഹായി ശശി സിങിനെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കേസില്‍ പൊലീസ് എംഎല്‍എയെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെ യുപി സര്‍ക്കാരാണ് കേസ് സിബിഐയെ ഏല്‍പ്പിക്കുന്നത്. ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരണപ്പെടുകയും ചെയ്തിരുന്നു.

Top