ഉന്നാവ് ബലാത്സംഗ കേസ്;ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

bjp-mla

അലഹബാദ്: ഉന്നാവ് ബലാത്സംഗ കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും കുറ്റാരോപിതനായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിനെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. സംസ്ഥാനത്തെ ക്രമസമാധാനം താറുമാറായെന്ന് വ്യക്തമാക്കുന്നതാണ് കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാടെന്നും കോടതി വിമര്‍ശിച്ചു.

കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി അറസ്റ്റ് നടത്തുന്നതിന് കൂടുതല്‍ സമയം വേണമെന്ന് അഡ്വക്കേറ്റ് ജനറല്‍ രാഘവേന്ദ്ര സിങ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എംഎല്‍എയെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ ഇല്ലയോ എന്ന കാര്യം വ്യക്തമാക്കാന്‍ ജസ്റ്റിസുമാരായ ഡി.ബി ഭോസലേ, രാഘവേന്ദ്ര സിങ് എന്നിവരുള്‍പ്പെട്ട ബെഞ്ച് ആവശ്യപ്പെട്ടു.

കേസില്‍ കുല്‍ദീപ് സിങ് സെന്‍ഗറിന്റെ സഹോദരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിലായിട്ടുണ്ടെന്നും നിയമപ്രകാരം മാത്രമാണ് പോലീസ് പ്രവര്‍ത്തിക്കുന്നതെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ എംഎല്‍എയുടെ അറസ്റ്റ് സംബന്ധിച്ച് കോടതി തുടര്‍ന്നും ചോദ്യമുന്നയിച്ചപ്പോഴാണ് അന്വേഷണം പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രമേ ഇനി അറസ്റ്റ് നടത്താനാകൂ എന്ന് അദ്ദേഹം വ്യക്തമാക്കിയത്.

ബലാത്സംഗ കേസും ഇരയുടെ പിതാവിന്റെ മരണവും സംബന്ധിച്ച കേസുകളില്‍ പ്രത്യേക അന്വേഷണ സംഘം പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും എംഎല്‍എയെ അറസ്റ്റ് ചെയ്യുന്നതിനു മുന്‍പ് കൂടുതല്‍ അന്വേഷണം വേണമെന്നും അമിക്കസ് ക്യൂറി ഗോപാല്‍ സ്വരൂപ് കോടതിയില്‍ പറഞ്ഞു.

എന്നാല്‍, പോലീസ് ഇങ്ങനെയൊരു സമീപനമാണ് സ്വീകരിക്കുന്നതെങ്കില്‍ ഇത്തരം അക്രമങ്ങള്‍ക്ക് ഇരകളാകുന്നവര്‍ മറ്റാരെയാണ് സമീപിക്കുകയെന്ന് കോടതി ചോദിച്ചു. കുറ്റാരോപിതരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കെതിരെയും പോലീസുകാര്‍ക്കെതിരെയുമെല്ലാം പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാമെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

Top