സഹോദരന്റെ മരണം; ഉന്നാവ് പീഡനക്കേസ് പ്രതി കുല്‍ദീപ് സിങ് സെംഗാറിന് പരോള്‍

ന്യൂഡല്‍ഹി: ഉന്നാവ് പീഡനക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന കുല്‍ദീപ് സിങ് സെംഗാറിന് പരോള്‍. 72 മണിക്കൂര്‍ പരോളാണ് അനുവദിച്ചിരിക്കുന്നത്. ഇളയ സഹോദരന്‍ മനോജ് സെംഗാറിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് പരോള്‍ അനുവദിച്ചത്.

കുല്‍ദീപിനൊപ്പം ജയിലില്‍ കഴിയുന്ന മറ്റൊരു സഹോദരന്‍ അതുല്‍ സെംഗാറിനും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ 72 മണിക്കൂര്‍ പരോള്‍ ലഭിച്ചിട്ടുണ്ട്.

ശനിയാഴ്ച പുലര്‍ച്ചെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മനോജ് സെംഗാര്‍ വൈകാതെ തന്നെ മരിക്കുകയായിരുന്നു. മരണത്തില്‍ അസ്വാഭാവികതയുള്ളതായി ബന്ധുക്കള്‍ ആരോപിച്ചു. കുല്‍ദീപിന്റെ കേസുമായി ബന്ധപ്പെട്ടാണ് ഇയാള്‍ ഡല്‍ഹിയിലെത്തിയതെന്നാണ് സൂചന.

പീഡനക്കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടി അപകടത്തില്‍പ്പെട്ട സംഭവത്തില്‍ മനോജ് സെംഗാറും ആരോപണവിധേയനാണ്. ഇതുമായി ബന്ധപ്പെട്ട കേസില്‍ ഇയാളെയും പ്രതി ചേര്‍ത്തിട്ടുണ്ട്.

ഈ വര്‍ഷം ജൂണിലാണ് പെണ്‍കുട്ടിയും ബന്ധുക്കളും അഭിഭാഷകനും സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ബന്ധുക്കള്‍ രണ്ടുപേര്‍ മരിക്കുകയും പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Top