പീഢന പരാതിയില്‍ പൊലീസിന് വീഴ്ച; ഉന്നാവോയില്‍ സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കാണ്‍പുര്‍: വീണ്ടും രാജ്യത്തെ നടുക്കി ഉന്നാവോയില്‍ നിന്ന് യുവതിയുടെ മരണ വാര്‍ത്ത. പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിലെത്തിയ യുവതി സ്വയം തീകൊളുത്തി മരിക്കുകയായിരുന്നു.

തന്നെ ലൈംഗിക പീഢനത്തിന് ഇരയാക്കിയെന്ന് യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷണം ഉണ്ടായില്ല. തുടര്‍ന്ന് മനോവിഷമത്തില്‍ ഡിസംബര്‍ 16ന് യുവതി സ്വയം തീ കൊളുത്തുകയായിരുന്നു. യുവതിയുടെ ശരീരത്തില്‍ 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.

കാണ്‍പൂരിലെ ലാലാ ലജ്പത്റായി ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവെയാണ് 23കാരിക്ക് മരണം സംഭവിച്ചത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് അവദേശ് സിങ് എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നെങ്കിലും അവദേശ് കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടുകയായിരുന്നു. ഇതിനു പിന്നാലെയാണ് യുവതി എസ്.പി ഓഫീസിന് മുന്നിലെത്തി മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയത്.

ഗുരുതരമായി പൊള്ളലേറ്റ യുവതി കഴിഞ്ഞ ശനിയാഴ്ച രാവിലെ മുതല്‍ വെന്റിലേറ്ററില്‍ ആയിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അതിനിടെ പരാതിക്കാരിക്ക് ആരോപണ വിധേയനായ അവദേശ് സിങ്ങുമായി വര്‍ഷങ്ങളായി അടുപ്പമുണ്ടായിരുന്നുവെന്ന് ഉന്നാവോ എസ്.പി വിക്രാന്ത് വീര്‍ പറഞ്ഞു.

വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ യുവതി ആരോപിച്ചിരുന്നത്.

Top