ഉന്നാവിലെ പെണ്‍കുട്ടിയുടെ സംസ്‌കാരം ഇന്ന് : രാജ്യത്ത് ശക്തമായ പ്രതിഷേധവും പ്രക്ഷോഭവും

ഉന്നാവ് : പ്രതികൾ തീ കൊളുത്തി കൊന്ന ബലാൽസംഗത്തിന് ഇരയായ 23 കാരിയുടെ സംസ്കാരചടങ്ങുകള്‍ രാവിലെ 10 മണിയോടെ ഭാട്ടൻ ഖേഡായിലെ വീട്ടിൽ നടക്കും. ജില്ലാ
മജിസ്‌ട്രേറ്റ് ദേവീന്ദർ കുമാർ പാണ്ടേ, ഉന്നാവ് എസ് പി വിക്രാന്ത് വീർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മൃതദേഹം ബന്ധുക്കൾക്ക്‌ കൈമാറിയത്.

ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ രാവിലെ 11.30നാണ് ഉന്നാവിലെക്ക് മൃതദേഹം വഹിച്ചുള്ള ആംബുലൻസ് യാത്ര ആരംഭിച്ചത്. റോഡ് മാർഗമായതിനാൽ രാത്രി 9.30ക്ക് ശേഷമാണ് മൃതദേഹം വീട്ടിൽ എത്തിക്കാനായത്. അതിനാൽ സംസ്കാരം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് രാജ്യത്താകമാനം തുടരുന്നത്. ഇതിനിടെ യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരം മന്ത്രിമാരായ കമല്‍ റാണി വരുണും സ്വാമി പ്രസാദ് മൌര്യയും യുവതിയുടെ വസതിയിലെത്തി. 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴിൽ വീട് വച്ച് നൽകും. മന്ത്രിമാരുടെ യാത്രയിലുടനീളം റോഡിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. പലയിടത്തും പൊലീസ്’ ക്രൂരമായാണ് പ്രതിഷേധക്കാരെ നേരിട്ടത്.

റായ്ബറേലിയിലെ വിചാരണ കോടതിയിലേക്ക് പോകാൻ റയിൽവേ സ്റ്റേഷനില്‍ എത്തിയ യുവതിയെ ബലാൽസംഗകേസിലെ പ്രതിയായ ശിവം ത്രിവേദിയുടെ നേതൃത്വത്തിൽ എത്തിയ 5 അംഗ സംഘം തട്ടിക്കൊണ്ടു പോയി മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതി വെള്ളിയാഴ്ച രാത്രിയാണ് സഫ്ദർജംഗ് ആശുപത്രിയിൽ മരണത്തിനു കിഴടങ്ങിയത്.

Top