ഉന്നാവോ കേസ്; പെണ്‍കുട്ടിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ കേസ് നാളെ പരിഗണിക്കും

ന്യൂഡല്‍ഹി:ഉന്നാവോ കേസ് നാളെ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് പരിഗണിക്കും. പെണ്‍കുട്ടിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പരിഗണിക്കുന്നത്.കത്തയച്ച കാര്യം മാധ്യമങ്ങളിലൂടെയാണ് താന്‍ അറിഞ്ഞതെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു.

അതേസമയം ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഉന്നാവോയിലെ പെണ്‍കുട്ടിയും കുടുംബം തനിക്ക് അയച്ച കത്ത് കിട്ടാന്‍ വൈകുന്നതില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിശദീകരണം തേടി. എന്ത് കൊണ്ടാണ് തനിക്ക് ഈ കത്ത് ഇതുവരെ ലഭ്യമാകാത്തതെന്ന കാര്യത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി രജിസ്ട്രിയോടാണ് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിരിക്കുന്നത്.

ജൂലൈ 12-നാണ് ഉന്നാവോ പെണ്‍കുട്ടി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയത്. ബി.ജെ.പി എം.എല്‍.എക്കെതിരെയുള്ള ബലാംത്സംഗക്കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ കുടുംബത്തെ മുഴുവന്‍ കള്ളക്കേസില്‍പ്പെടുത്തി ജയിലിലാക്കുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയെന്നും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പെണ്‍കുട്ടിയുടെ കത്തില്‍ പറയുന്നത്. പെണ്‍കുട്ടിയുടെ അമ്മയും സഹോദരിയും അമ്മായിയും ചേര്‍ന്നായിരുന്നു ചീഫ് ജസ്റ്റിസിനു കത്തയച്ചത്.

എന്നാല്‍ ജൂലായ് 12-ന് അയച്ച ഈ കത്ത് ചൊവ്വാഴ്ച ഉച്ചവരെ ചീഫ് ജസ്റ്റിസിന്റെ ഓഫീസില്‍ ലഭ്യമായിട്ടില്ലെന്നാണ് വിവരം. ജൂലായ് ഏഴിനും എട്ടിനും നടന്ന സംഭവങ്ങളാണു കത്തില്‍ വിശദീകരിച്ചിരിക്കുന്നത്.

‘കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചിലര്‍ എന്നെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയാണ്. എന്റെ കുടുംബത്തെ കള്ളക്കേസില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയാണ്”, എന്ന് കത്തില്‍ പെണ്‍കുട്ടി പറയുന്നു.

കത്തെഴുതി ദിവസങ്ങള്‍ക്കുള്ളിലാണ് ദുരൂഹ സാഹചര്യത്തില്‍ അവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുന്നത്. അതേസമയം കുല്‍ദീപിനെതിരെ പരാതി നല്‍കാന്‍ പോയപ്പോള്‍ തങ്ങളോട് പൊലീസ് മോശമായി പെരുമാറിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. എഫ്ഐആറിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ജീവിച്ചിരിക്കണമെന്ന് ആഗ്രഹിക്കുന്നെങ്കില്‍ മൊഴി മാറ്റിപ്പറയണമെന്ന് ആവശ്യപ്പെട്ട് കുല്‍ദീപ് ജയിലില്‍നിന്ന് ഫോണില്‍ ഭീഷണിപ്പെടുത്താറുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.

അതേസമയം പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ സിബിഐ കേസെടുത്തു.കുല്‍ദീപ് സിംഗ് സെംഗാര്‍ അടക്കം പത്തുപേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

സാക്ഷിമൊഴികളുടെയും മറ്റും അടിസ്ഥാനത്തിലാണ് കുല്‍ദീപ് സിംഗ് സെംഗാറിനും മറ്റ് ഒമ്പതുപേര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. കണ്ടാലറിയുന്ന 20 പേരെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് എംഎല്‍എക്കും കൂട്ടര്‍ക്കുമെതിരെ പ്രധാനമായും ചുമത്തിയിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് റായ്ബറേലിയിലെ കുല്‍ബര്‍ഗി പൊലീസ് സ്റ്റേഷനില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ട് നേരത്തെ ഉന്നയിച്ചിരുന്ന ആരോപണങ്ങളിലടക്കം വകുപ്പുകള്‍ ചുമത്തിയാണ് ഇപ്പോള്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം കാര്‍ അപകടത്തില്‍ മരിച്ച, ഉന്നാവ പെണ്‍കുട്ടിയുടെ അമ്മായിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഉന്നാവിലെ ഗംഗാ ഘട്ട് ശ്മശാനത്തിലാണ് സംസ്‌കാരം. കാര്‍ അപകടത്തില്‍ മരിച്ച ഭാര്യയുടെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാനാന്‍ പെണ്‍കുട്ടിയുടെ അമ്മാവന്‍ മഹേഷ് സിംഗിന് പരോള്‍ അനുവദിച്ചു. ഒരു ദിവസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്.

അപകടത്തില്‍ ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയുടെ നില ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ് . വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ പെണ്‍കുട്ടിയുടെ ചികിത്സാ ചെലവ് യു .പി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.വിഷയത്തില്‍ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും പ്രതികരിക്കാത്തതും പ്രതിപക്ഷ വിമര്‍ശനം ശക്തമാക്കിയിട്ടുണ്ട്.

Top