അണ്‍ലോക്ക് നാലാം ഘട്ടം; മധുര മീനാക്ഷി ക്ഷേത്രം തുറന്നു

ചെന്നൈ: രാജ്യത്ത് അണ്‍ലോക്ക് നാലാം ഘട്ടത്തിന്റെ ഇളവുകളുടെ ഭാഗമായി മധുര മീനാക്ഷി ക്ഷേത്രം തുറന്നു. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് അടച്ച ക്ഷേത്രം 165 ദിവസത്തിന് ശേഷമാണ് തുറക്കുന്നത്. നിരവധി ഭക്തര്‍ സാമൂഹിക അകലം പാലിച്ച് പ്രാര്‍ഥന നടത്തി.

10 വയസ്സിന് താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, 60 വയസ്സിന് മുകളിലുള്ളവര്‍ എന്നിവര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. ശ്രീകോവിലിന്റെ പരിസരത്ത് പ്രവേശിക്കുന്നതിനു മുമ്പ് ആളുകളുടെ താപനില പരിശോധിക്കുകയും അവര്‍ക്ക് ഹാന്‍ഡ് സാനിറ്റൈസര്‍ നല്‍കുകയും ചെയ്തു.

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഭക്തര്‍ക്ക് നിവേദ്യങ്ങള്‍ കൊണ്ടുവരാന്‍ അനുവാദമില്ല. തേങ്ങ, പഴങ്ങള്‍, മാലകള്‍ എന്നിവ ക്ഷേത്രത്തിനുള്ളില്‍ കൊണ്ടുവരാനും ഭക്തര്‍ക്ക് അനുവാദമില്ല.

Top