സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ചിലവാക്കാത്ത പണം വകമാറ്റുന്നു

money

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കൂടുതലായ സാഹചര്യത്തില്‍ വിവിധ വകുപ്പുകള്‍ ചിലവാക്കാത്ത പണം മാറ്റുന്നു.

ട്രഷറി സേവിങ്‌സ് അക്കൗണ്ടില്‍ സൂക്ഷിക്കുന്ന 5,630 കോടി രൂപയാണ് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുന്നത്.

ഇത്രയും വലിയ തുക ചിലവാക്കാതിരുന്നാല്‍ കേന്ദ്രത്തില്‍ നിന്നു വായ്പ ലഭിക്കുന്നതിനു തടസമാകും എന്നതിന്റെ അടിസ്ഥാനത്തിലാണ് പണം വകമാറ്റുന്നത്.

മുന്‍പ് രണ്ടുവട്ടം കടം ചോദിച്ചപ്പോള്‍ ഇതേ കാരണം പറഞ്ഞു കേന്ദ്രം തള്ളിയിരുന്നു. സംസ്ഥാനത്തിനു വര്‍ഷം 23,000 കോടി രൂപ വരെ കടമെടുക്കാം. ബദല്‍മാര്‍ഗമെന്ന നിലയിലാണു നിലവിലെ പൊതു അക്കൗണ്ടില്‍ കിടക്കുന്ന തുക മറ്റൊരു അക്കൗണ്ടിലേക്കു മാറ്റിയശേഷം കടമെടുക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ 10 കോടിയില്‍ താഴെയുള്ള തുക സൂക്ഷിച്ചിട്ടുള്ള വകുപ്പുകളുടെ അക്കൗണ്ടിലെ തുക മാറ്റില്ല. ഇതു സംബന്ധിച്ച ധനവകുപ്പിന്റെ നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്.

സാമ്പത്തികസ്ഥിതി മോശമായതിനാല്‍ കടം എടുക്കാതെ മുന്നോട്ടുപോകാന്‍ സാധിക്കുകയില്ലെന്നു ധനമന്ത്രി തോമസ് ഐസക് മന്ത്രിസഭായോഗത്തില്‍ വ്യക്തമാക്കി.

ഈ വര്‍ഷം ഇതുവരെ ഏകദേശം 16,000 കോടി രൂപയാണു കടമെടുത്തത്. ഇനി 6,000 കോടിയിലേറെ കടമെടുക്കാം. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ പൊതുകടം ഒരു ലക്ഷം കോടി രൂപയായിരുന്നു.

ഡിസംബറില്‍ ഇത് കടം 1,21,183 കോടി രൂപയായി. 8500 കോടി രൂപ ഓണക്കാലത്ത് കടമെടുത്തതോടെ ആകെ കടം 1,29,683 കോടിയായിട്ടുണ്ട്.

Top