മാര്‍ക്ക് ദാനം: ഗവര്‍ണറെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു, ജലീല്‍ രാജിവെയ്ക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: എം.ജി സര്‍വ്വകലാശാല ക്രമക്കേടുകള്‍ക്കെതിരേ ഗവര്‍ണര്‍ പ്രതികരിച്ചതിന്റെ പശ്ചാത്തലത്തില്‍ മന്ത്രി കെ.ടി.ജലീല്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിക്ക് ഇനിയൊരു നിമിഷം പോലും തുടരാന്‍ അര്‍ഹതയില്ലെന്നും മുഖ്യമന്ത്രി രാജി എഴുതി വാങ്ങണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഉന്നത വിദ്യാഭാസ മേഖലയെ ഇടതു സര്‍ക്കാര്‍ അടിമുടി തകര്‍ക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നടപടികളെ വിമര്‍ശിക്കുന്നതാണ് ഗവര്‍ണര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ടെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

സ്ഥിതിഗതികള്‍ ഗുരുതരമായതുകൊണ്ടാണ് ഗവര്‍ണര്‍ക്ക് പരസ്യമായി പ്രതികരിക്കേണ്ടി വരുന്നത്.മന്ത്രിക്കു വേണ്ടിയാണ് പ്രൈവറ്റ് സെക്രട്ടറി എം ജി അദാലത്തില്‍ പങ്കെടുത്തത്. സിന്‍ഡിക്കേറ്റ് തീരുമാനം തെറ്റാണെന്ന് ഗവര്‍ണര്‍ തനിക്ക് നല്‍കിയ മറുപടിയിലുണ്ട്. എംജി വിഷയത്തില്‍ ഗവര്‍ണറെ തെറ്റിദ്ധരിപ്പിക്കാനും ശ്രമം
നടന്നിട്ടുണ്ടെന്ന്‌ ചെന്നിത്തല ആരോപിച്ചു.

ഗവര്‍ണര്‍ പ്രകടിപ്പിച്ച രോഷം സര്‍ക്കാര്‍ തിരിച്ചറിയണമെന്നും അതിനാല്‍ ജലീല്‍ രാജിവെയ്ക്കണമെന്നുമായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം. അതിനാല്‍ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് യുഡിഎഫ് ഈ മാസം 12 ന് സെക്രട്ടറിയറ്റ് മാര്‍ച്ചും കലക്ട്രേറ്റ് മാര്‍ച്ചും നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.

Top