പായും, തലയിണയുമായി വന്നാല്‍ ശവക്കുഴിയില്‍ കിടന്നുറങ്ങി സമ്മര്‍ദം മാറ്റാം

മ്മര്‍ദങ്ങള്‍ പലവിധമുണ്ട്. ഇത് നിയന്ത്രണവിധേയമാക്കാന്‍ പലവിധത്തിലുള്ള മറുതന്ത്രങ്ങളുടെ പ്രയോഗവും നിലനില്‍ക്കുന്നു. ഇതില്‍ സാധാരണമായി നമ്മള്‍ കാണുന്നതും, അത്ര സാധാരണമല്ലാത്തതുമായ കാര്യങ്ങള്‍ ലോകത്ത് നിലനില്‍ക്കുന്നു. എന്നാല്‍ ഒരു യൂണിവേഴ്‌സിറ്റി സമ്മര്‍ദം കുറയ്ക്കാന്‍ ഓഫര്‍ ചെയ്ത ചികിത്സാവിധി അതില്‍ ഏറ്റവും വൈചിത്രം നിറഞ്ഞതായി മാറുകയാണ്. യഥാര്‍ത്ഥത്തില്‍ മരിക്കുന്നതിന് മുന്‍പ് ശവക്കുഴിയില്‍ കിടക്കാന്‍ അവസരം ഒരുക്കുകയാണ് ഈ യൂണിവേഴ്‌സിറ്റി.

ഡച്ച് നഗരമായ നിഗ്മെഗെനില്‍ സ്ഥിതി ചെയ്യുന്ന റാഡ്ബൗണ്ട് യൂണിവേഴ്‌സിറ്റിയാണ് ഈ സവിശേഷ ടെക്‌നിക്ക് പയറ്റുന്നത്. വിദ്യാര്‍ത്ഥികളുടെ സമ്മര്‍ദം കുറയ്ക്കാനാണത്രേ ഈ പരിപാടി. യൂണിവേഴ്‌സിറ്റിയില്‍ എത്തിയ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ് ഇവിടെ നടക്കുന്ന ഈ പുത്തന്‍ പരിഷ്‌കാരത്തിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവെച്ചത്. ‘ശുദ്ധീകരണ ശവക്കുഴി’ എന്നുപേരിട്ട ഈ പ്രോഗാം സംബന്ധിച്ച് യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റ് വിശദമായ വിവരങ്ങള്‍ നല്‍കുന്നുണ്ട്.

ശവക്കുഴിയില്‍ കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുള്ള കാര്യങ്ങള്‍ ഓര്‍മ്മിച്ചെടുക്കാനുള്ള അവസരമാണ് ഈ പദ്ധതി നല്‍കുന്നത്. ശവക്കുഴിയില്‍ കിടന്നുറങ്ങാന്‍ ഒരു പായും, തലയിണയും എടുക്കാനും അവസരമുണ്ട്. എന്നാല്‍ ഫോണും, മറ്റ് സ്വകാര്യ വസ്തുക്കളും ഇവിടെ അനുവദിക്കില്ല. ശവക്കുഴി നിര്‍മ്മിക്കുന്നത് മുതല്‍ ഇതില്‍ വിദ്യാര്‍ത്ഥി കിടക്കുന്നത് വരെയുള്ള കാഴ്ചകള്‍ വീഡിയോ രൂപത്തിലും ലഭ്യമാക്കുന്നുണ്ട്.

തിരക്കുപിടിച്ച ഈ ലോകത്ത് ഇത്തരം ഒരു അവസരം ലഭിക്കുന്നത് നല്ല കാര്യമാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഇങ്ങനെയും സമ്മര്‍ദം അകറ്റണോ എന്നാണ് മറ്റ് ചിലരുടെ ചോദ്യം. എന്തായാലും യൂണിവേഴ്‌സിറ്റി ഈ പദ്ധതി സജീവമായി മുന്നോട്ട് കൊണ്ടുപോകുകയാണ്.

Top