സംസ്ഥാനത്ത് സര്‍വ്വകലാശാലാ പരീക്ഷകള്‍ ഇന്ന് തുടങ്ങും

തിരുവനന്തപുരം: വിദ്യര്‍ത്ഥികളുടെ കടുത്ത എതിര്‍പ്പിനിടയിലും സംസ്ഥാനത്ത് സര്‍വ്വകലാശാലാ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും. ബിരുദ ബിരുദാന്തര പരീക്ഷകള്‍ക്കാണ് ഇന്നു മുതല്‍ ആരംഭം കുറിക്കുന്നത്. നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാമെന്നാണ് സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശം.

കൊവിഡ് വ്യാപനത്തിന്റെ ആശങ്ക നിലനില്‍ക്കുമ്പോഴും പരീക്ഷ നടത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തു വന്നതിന് പിന്നാലെ എതിര്‍പ്പുമായി വിദ്യാര്‍ത്ഥി സംഘടനകളും, രാഷ്ട്രീയ നേതാക്കളും രംഗത്ത് വന്നിരുന്നു. പരീക്ഷ മാറ്റിവയ്ക്കുകയോ, ഓണ്‍ ലൈന്‍ ആയി പരീക്ഷ നടത്തുകയോ ചെയ്യണമെന്നായിരുന്നു ആവശ്യം. എന്നാല്‍ പരീക്ഷകള്‍ മാറ്റിവെയ്ക്കുന്നത് അക്കാദമിക് രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് സര്‍വ്വകലാശാലകള്‍ അറിയിക്കുന്നത്.

കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചാകും പരീക്ഷകള്‍ നടത്തുക. പരീക്ഷയ്ക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യാത്രയുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്നാണ് സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കിയിട്ടുള്ളത് . ഹാള്‍ടിക്കറ്റ് കാണിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് യാത്രചെയ്യാമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

Top