യൂണിവേഴ്‌സിറ്റി കോളേജിലെ ‘ഇടിമുറി’ ;ക്ലാസ്സ് മുറിയല്ല, പകരം വായനാ മുറി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ ‘ഇടിമുറി’ എന്നറിയപ്പെട്ട യൂണിയന്‍ കേന്ദ്രം വായനാമുറിയാക്കാന്‍ പുതിയ തീരുമാനം. സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വായനാമുറിയാക്കാനാണ് തീരുമാനം. മദ്യകുപ്പിയും ഉത്തരക്കടലാസും കണ്ടെടുത്ത യൂണിയന്‍ കേന്ദ്രം നേരത്തെ ക്ലാസ് മുറിയാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ക്ലാസ് മുറിയാക്കുന്നതിനെ വിദ്യാര്‍ഥികള്‍ എതിര്‍ത്തതിന് പിന്നാലെയാണ് നടപടി.

ക്ലാസ്സ് മുറിയാക്കുന്നതിന്റെ ഭാഗമായി യൂണിയന്‍ മുറിയില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇവിടം ഇംഗ്ലീഷ് ക്ലാസ് മുറിയാക്കാനായിരുന്നു കോളേജ് ആലോചിച്ചത്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ക്ലാസ്സ് മുറിയാക്കുന്നത് ഒഴിവാക്കി സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട് മെന്റിന്റെ വായനാ മുറിയാക്കാന്‍ തീരുമാനിച്ചത്.കോളേജ് അക്കാദമിക് കൗണ്‍സിലിന്റെതാണ്‌ തീരുമാനം.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ നേതാക്കള്‍ സഹപാഠിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് എസ് എഫ് ഐയുടെ വിഹാര കേന്ദ്രമായ യൂണിയന്‍ ഓഫീസ് വായനാ മുറിയാക്കാന്‍ തീരുമാനിച്ചത്.

ഉടന്‍ നടക്കുന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിന് ശേഷം കോളേജ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിബന്ധനകളോടെ പുതിയ യൂണിയന്‍ മുറി കോളേജ് അനുവദിക്കും.

Top