10 ദിവസങ്ങള്‍ക്ക് ശേഷം യൂണിവേഴ്‌സിറ്റി കോളേജ് നാളെ തുറക്കും

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ സംഘര്‍ഷത്തിനിടെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 10 പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടിസ് ഉടനിറക്കുമെന്ന് പൊലീസ്. പ്രതികളുടെ വീടുകളില്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. 10 ദിവസമായി അടച്ചിട്ടിരുന്ന തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് നാളെ തുറക്കും. നാളെ യൂണിവേഴ്സ്സിറ്റി കോളേജ് തുറക്കുമ്പോള്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് വിവിധ യുവജന സംഘടനകളുടെ തീരുമാനം

അതേസമയം അഖിലിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി.തെളിവെടുപ്പിനിടെ കണ്ടെടുത്തതില്‍ ലഭിച്ച കത്തികൊണ്ട് തന്നെയാണ് അഖിലിനെ കുത്തിയതെന്ന് പൊലീസിന് മൊഴി നല്‍കി.കോളേജില്‍ നിന്ന് തെളിവെടുപ്പില്‍ ലഭിച്ച കത്തിയുമായി അന്വേഷണസംഘം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. അതേ കത്തികൊണ്ടാണ് തന്നെ കുത്തിയതെന്ന് അഖില്‍ അന്വേഷണ സംഘത്തിന് മൊഴി സ്ഥിതീകരിച്ചു. സംഭവത്തില്‍ ഡോക്ടറുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.

കോളേജില്‍ സമാധാനം വേണമെന്നും, രാഷ്ട്രീയ പാര്‍ട്ടികളും വിദ്യാര്‍ത്ഥി സംഘടനകളും ചര്‍ച്ച ചെയ്തു ക്യാംപസില്‍ പെരുമാറ്റച്ചട്ടം കൊണ്ട് വരണമെന്നും ഗവര്‍ണര്‍ പി സദാശിവം പറഞ്ഞു. സംഭവത്തില്‍ വിവിധ വിദ്യാര്‍ത്ഥി യുവജന സംഘടനകളുടെ പ്രതിഷേധ പരിപാടികള്‍ ഇന്നും തുടരും.

Top