വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ എസ് യു

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ എസ് യു.

യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്നാണ് കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് പറഞ്ഞത്.

വനിതാ കമ്മീഷനും യുവജന കമ്മീഷനും സിപിഎമ്മിന്റെ പോഷക സംഘടനകളായി പ്രവര്‍ത്തിക്കുകയാണെന്നും കമ്മീഷനുകള്‍ പിരിച്ച് വിടേണ്ടതാണെന്നും വിഷയം സംബന്ധിച്ച് ശനിയാഴ്ച തിരുവനന്തപുരത്ത് ഏകദിന ഉപവാസം നടത്തുമെന്നും കെഎസ്യു വ്യക്തമാക്കി.

അതേസമയം, സംഭവത്തില്‍ ഗവര്‍ണര്‍ പി സദാശിവം റിപ്പോര്‍ട്ട് തേടിയിരുന്നു. വൈസ് ചാന്‍സലര്‍ വി പി മഹാദേവന്‍ പിള്ളയോടാണ് റിപ്പോര്‍ട്ട് തേടിയത്. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന സ്ഥിതിവിവരറിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കെ എസ് യു സംസ്ഥാന സമിതി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

സമരങ്ങളില്‍ പങ്കെടുക്കാന്‍ സമ്മതിക്കാത്തതിന്റെ പേരിലുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം മൂലമാണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്നായിരുന്നു ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി പറഞ്ഞിരുന്നത്.

ആത്മഹത്യയുടെ ഉത്തരവാദികള്‍ എസ്എഫ്‌ഐ യൂണിറ്റ് അംഗങ്ങളും പ്രിന്‍സിപ്പലുമാണെന്ന് കുട്ടി ആത്മഹത്യാക്കുറിപ്പിലും കുറിച്ചിരുന്നു. സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എസ്എഫ്‌ഐക്കാര്‍ നിര്‍ബന്ധിച്ചു കൊണ്ടു പോയെന്നും എതിര്‍പ്പ് അറിയിച്ചപ്പോള്‍ പരീക്ഷ എഴുതിക്കില്ലെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും പെണ്‍ക്കുട്ടി പറഞ്ഞിരുന്നു.

Top