കണ്ണൂര്‍ മോഡല്‍ വാടക കൊലയാളികളെ വളര്‍ത്തുന്ന കേന്ദ്രങ്ങളായി ക്യാമ്പസുകള്‍ മാറി: മുല്ലപ്പള്ളി

തിരുവനന്തപുരം: കണ്ണൂര്‍ മോഡല്‍ വാടക കൊലയാളികളെ വളര്‍ത്തുന്ന കേന്ദ്രങ്ങളായി ക്യാമ്പസുകള്‍ മാറിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യുണിവേഴ്സിറ്റി കോളേജില്‍ കെ.എസ്.യു പ്രവര്‍ത്തകനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യുണിവേഴ്സിറ്റി കോളേജില്‍ കെ.എസ്.യു പ്രവര്‍ത്തകന് നേരെ നടന്നത് ആള്‍ക്കൂട്ട ആക്രമണമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇത്തരം ക്രൂരവും പ്രാകൃതവുമായ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. എന്തുസംഭവം നടന്നാലും കണ്ടില്ലെന്ന് നടിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലേതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

അതേസമയം യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ 13 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു. വധശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇന്നലെ നടന്ന ആക്രമണത്തില്‍ പരിക്കേറ്റ ടി.ആര്‍ രാകേഷ് എന്ന കെഎസ്യു പ്രവര്‍ത്തകന്റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.പോലീസിനെ ആക്രമിച്ചതിന് കെ.എസ്.യു-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

യൂണിവേഴ്സിറ്റി കോളേജില്‍ നടന്നആക്രമങ്ങളിലെ പ്രതികളെ ഇതുവരേയും പൊലീസ് പിടികൂടിയിട്ടില്ല. കോളജ് ഹോസ്റ്റലില്‍ വച്ച് കെഎസ്യു പ്രവര്‍ത്തകനെ മര്‍ദ്ദിച്ച എസ്എഫ്‌ഐ നേതാവ് എട്ടപ്പന്‍ എന്ന വിളിപ്പേരുള്ള മഹേഷ് ഒളിവില്‍ പോയി. മര്‍ദ്ദനത്തില്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇയാള്‍ മുങ്ങിയത്.

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന് പരിക്കേറ്റതില്‍ ഇന്ന് കെ.എസ്.യു പ്രതിഷേധദിനം ആചരിക്കുകയാണ്.

Top