യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം ; തന്നെ കുത്തിയത് ശിവരഞ്ജിത്തെന്ന് അഖില്‍

തിരുവനന്തപുരം : തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ തന്നെ കുത്തിയത് ശിവരഞ്ജിത്തെന്ന് അഖില്‍. ആക്രമിക്കാന്‍ ശിവരഞ്ജിത്തിനെ സഹായിച്ചത് നസീമാണെന്നും അഖില്‍ പറഞ്ഞു. മെഡിക്കല്‍ കോളേജിലെ ഡോക്ടറോടാണ് ഇക്കാര്യം അഖില്‍ പറഞ്ഞത്. പോലീസിന് ഡോക്ടര്‍ വിശദാംശങ്ങള്‍ നല്‍കി. അഖിലിന്റെ മൊഴി വിശദമായി രേഖപ്പെടുത്തേണ്ടതുണ്ടെന്നും ഇതിന് അനുമതി നല്‍കണമെന്നും പൊലീസ് ഡോക്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഇന്നലെ രാവിലെയാണ് കോളേജിലെ എസ്എഫ്ഐ നേതാക്കള്‍ ചേര്‍ന്ന് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെ അഖിലിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ആദ്യം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഖിലിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിയ വിദ്യാര്‍ത്ഥിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം അഖില്‍ ക്യാന്റീനില്‍ പാട്ടുപാടിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥി സംഘങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. ഇതിനെ തുടര്‍ന്ന് ഇരു വിഭാഗങ്ങളേയും അനുരഞ്ജ ചര്‍ച്ചക്ക് വിളിച്ചിരുന്നു. ഇതിനിടെ സംഘര്‍ഷമുണ്ടാവുകയും കേസിലെ രണ്ടാം പ്രതിയായ നസീം അഖിലിനെ മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് കേസിലെ ഒന്നാം പ്രതിയായ ശിവരഞ്ജിത് അഖിലിനെ കൊല്ലാനുള്ള ഉദേശത്തോടുകൂടി ആയുധമുപയോഗിച്ച് നെഞ്ചില്‍ കുത്തുകയായിരുന്നുവെന്നും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് കുത്തിയതെന്നും എഫ്ഐആറില്‍ പറയുന്നു. യൂണിറ്റ് കമ്മിറ്റിയുടെ നിര്‍ദ്ദേശം അനുസരിച്ചില്ലെന്നും ഇതിലുള്ള വിദ്വേഷമാണ് അക്രമത്തിന് കാരണമെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇയാളെ ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള ശ്രമം എസ്എഫ്ഐക്കാര്‍ തടഞ്ഞെന്നും ഗേറ്റ് പൂട്ടിയിട്ടെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. അതേസമയം സംഭവത്തില്‍ പ്രതികളായ ഏഴ് എസ്എഫ്‌ഐ പ്രവര്‍ത്തകരും ഒളിവിലെന്ന് പോലീസ്. ഇന്നലെ രാത്രി പ്രതികളുടെ വീടുകളിലും ബന്ധുവീടുകളിലും പോലീസ് പരിശോധന നടത്തിയിരുന്നു. പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരായ ഏഴു പേര്‍ക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്. യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയതെന്നും യൂണിറ്റ് സെക്രട്ടറി നിസാമാണ് കത്തി കൈമാറിയതെന്നുമാണ് സാക്ഷിമൊഴി. ഇരുവര്‍ക്കും പുറമേ മറ്റ് അഞ്ചു പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ശിവരഞ്ജിത്തിനും നിസാമിനും പുറമേ അമര്‍, അദ്വൈത്, ആരോമല്‍, ഇഹ്രാഹിം, ആരോമല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Top