യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം ; മൂന്ന് എസ്എഫ്‌ഐ നേതാക്കള്‍ കൂടി കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് എസ്എഫ്‌ഐ നേതാക്കള്‍ കൂടി കസ്റ്റഡിയില്‍. കോളേജിലെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികള്‍ കൂടിയായ ആരോമല്‍, അദ്വൈത്, ആദില്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്ത എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ഇജാബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കേസില്‍ പോലീസ് പ്രതിചേര്‍ത്ത മുപ്പത് പ്രതികളില്‍ ഒരാളാണ് നേമം സ്വദേശിയായ ഇജാബ്. എസ്.എഫ്.ഐ യൂണിവേഴ്‌സിറ്റി കോളേജ് യൂണിറ്റ് കമ്മിറ്റി അംഗമായിരുന്നു. സംഘര്‍ഷം നടന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നുവെന്ന് ഇജാബ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, അഖിലിനെ കുത്തിയത് ആരാണെന്ന് കണ്ടില്ലെന്നാണ് ഇജാബ് പറയുന്നത്. ശനിയാഴ്ച രാത്രിയോടെയാണ് ഇജാബിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഉടന്‍ കോടതിയില്‍ ഹാജരാക്കും.

അതേസമയം മുഖ്യപ്രതികളായ എട്ട് എസ്.എഫ്.ഐ നേതാക്കള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി നസീം, മൂന്നാം പ്രതി അദ്വൈത്, നാലാം പ്രതി അമര്‍, അഞ്ചാം പ്രതി ഇബ്രാഹിം, ആറാം പ്രതി ആരോമല്‍, ഏഴാം പ്രതി ആദില്‍, എട്ടാം പ്രതി രഞ്ജിത്ത് എന്നിവര്‍ക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസിറക്കിയത്. എഫ്ഐആറില്‍ പേര് ചേര്‍ക്കാത്ത അമര്‍ എന്ന വിദ്യാര്‍ത്ഥിക്കെതിരെയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കോടതിയുടെ അനുമതിയോടെ പ്രതികള്‍ക്കായി വീടുകളിലും ബന്ധുക്കളുടെ വീടുകളിലും വ്യാപക തിരച്ചില്‍ നടത്താനും പോലീസ് തീരുമാനിക്കുന്നുണ്ട്.

Top