യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐയുടെ കൊടിയും ബാനറുകളും നീക്കം ചെയ്തു

തിരുവനന്തപുരം: വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐയുടെ കൊടിയും ബാനറുകളും നീക്കം ചെയ്തു. കോളേജ് അധികൃതരാണ് കൊടിയും ബാനറുകളും നീക്കം ചെയ്തത്.

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ ശക്തമായ നടപടി സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അതിന് മേല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് നല്ല പ്രവണതയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതിനിടെ യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമവുമായി ബന്ധപ്പെട്ട കേസില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന്റെ മതില് ചാടി കെഎസ്യു പ്രവര്‍ത്തകരുടെ പ്രതിഷേധം. പൊലീസ് ഒരുക്കിയ സുരക്ഷാവലയം ഭേദിച്ച് മൂന്ന് കെ.എസ്.യു വനിതാ പ്രവര്‍ത്തകരാണ് സെക്രട്ടേറിയേറ്റ് മതില്‍ ചാടിക്കടന്ന് പ്രതിഷേധിച്ചത്. സെക്രട്ടേറിയറ്റിന് അകത്ത് കടന്ന് മുദ്രാവാക്യം വിളിക്കുകയും അതിലൊരാള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെ വരെ എത്തി മുദ്രാവാക്യം വിളിക്കുയും ചെയ്തു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തിലും പരീക്ഷാ ക്രമക്കേടിലും നടപടി ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധം നടത്തുന്നുണ്ട്. പ്രതിഷേധക്കാര്‍ സെക്രട്ടേറിയറ്റിനകത്തേക്ക് കടന്നേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. ഇതെ തുടര്‍ന്ന് കര്‍ശന സുരക്ഷായാണ് സെക്രട്ടേറിയറ്റിനകത്തും പുറത്തും പൊലീസ് ഒരുക്കിയിരുന്നത്.

Top