അഖിലിനെ കുത്തിയ നസീമിനെ സര്‍ക്കാര്‍ എത്രയും വേഗം പോലീസില്‍ എടുക്കണമെന്ന് വിഷ്ണുനാഥ്

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ്. അഖിലിനെ കുത്തിയ നസീമിനെ സര്‍ക്കാര്‍ എത്രയും വേഗം പോലീസില്‍ എടുക്കണമെന്നും നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ തന്നെ നിയമിക്കണമെന്നും വിഷ്ണുനാഥ് പറഞ്ഞു.

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളായ കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമും പിഎസ്‌സി റാങ്ക് പട്ടികയിലെ ഉന്നത റാങ്കുകാരാണെന്നു തെളിഞ്ഞിരുന്നു. കണ്ണൂര്‍ ആസ്ഥാനമായ കഐപി 4 ബറ്റാലിയനിലെ പോലീസ് കോണ്‍സ്റ്റബിള്‍ നിയമനത്തിനുള്ള റാങ്ക് പട്ടികയിലാണ് പ്രതികള്‍ ഇടംപിടിച്ചിരിക്കുന്നത്.

ഇവര്‍ പിഎസ്‌സി റാങ്ക് പട്ടികയിലെത്തിയത് എങ്ങനെയെന്ന് പൊലീസ് അന്വേഷിക്കും. സ്‌പെഷ്യല്‍ ബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. യൂണിവേഴ്‌സിറ്റി കോളേജില്‍ത്തന്നെയുള്ള പരീക്ഷാ കേന്ദ്രത്തിലാണ് ഇരുവരും പരീക്ഷയെഴുതിയതെന്നാണ് സൂചന. പരീക്ഷയില്‍ ക്രമക്കേട് നടന്നോ എന്ന കാര്യമാകും അന്വേഷണ പരിധിയില്‍ വരിക.

പരീക്ഷയില്‍ പാസ്സായവരിലും നിയമനത്തിന് യോഗ്യത നേടിയവരിലും എത്ര എസ്എഫ്‌ഐക്കാരുണ്ടായിരുന്നെന്നും പരിശോധിക്കും. ഇരുവരും പിഎസ്‌സി റാങ്ക് പട്ടികയില്‍ വന്നതില്‍ വ്യാപക ക്രമക്കേട് നടന്നെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് പുതിയ അന്വേഷണം.

സിവില്‍ പൊലീസ് ഓഫീസര്‍ കെഎപി നാലാം ബറ്റാലിയന്‍ (കാസര്‍ഗോഡ്) റാങ്ക് ലിസ്റ്റിലാണ് കോളേജ് യൂണിയന്‍ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിന് ഒന്നാം റാങ്കുള്ളത്. 78.33 മാര്‍ക്കാണ് ശിവരഞ്ജിത്തിന് കിട്ടിയത്. രണ്ടാം പ്രതിയായ നസീം പൊലീസ് റാങ്ക് ലിസ്റ്റില്‍ 28-ാം റാങ്കുകാരനാണ്. 65.33 മാര്‍ക്കാണ് നസീമിന് ലഭിച്ചത്.

Top