അഖിലിനെ കുത്തിയ കത്തി വാങ്ങിയത് ഓണ്‍ലൈന്‍ വഴിയെന്ന് പ്രതികളുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തിനിടയില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ കുത്താന്‍ ഉപയോഗിച്ച് കത്തി വാങ്ങിയത് ഓണ്‍ലൈന്‍ വഴി.

ആവശ്യമനുസരിച്ച് നിവര്‍ത്താനും മടക്കാനും കഴിയുന്ന കത്തിയാണിതെന്നും കൈപ്പിടിയില്‍ ഒതുക്കാവുന്ന വലുപ്പമെ കത്തിക്കുള്ളൂവെന്നും പൊലീസ് പറയുന്നു. കേസിലെ മുഖ്യപ്രതികളെ പൊലീസ് കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടയിലാണ് കത്തി കണ്ടെത്തിയത്.

കോളേജിലെ ചവറു കൂന്നയ്ക്കുള്ളിലാണ് കത്തി ഒളിപ്പിച്ചിരുന്നത്. കേസിലെ ഒന്നാം പ്രതിയും എസ്എഫ്‌ഐ നേതാവുമായ ശിവരഞ്ജിത്താണ് ചവറുകൂനയില്‍ നിന്നും കത്തി പോലീസിന് കാണിച്ചു കൊടുത്തത്. കേസിലെ ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തിനേയും നസീമിനേയുമാണ് തെളിവെടുപ്പിനായി പോലീസ് കോളജില്‍ എത്തിച്ചത്.

കോളേജിലെ യൂണിയന്‍ മുറിയില്‍ അടക്കം പൊലീസ് തെളിവെടുപ്പ് നടത്തി. ഏറെ ചോദ്യം ചെയ്യലിന് ശേഷമാണ് ആയുധം ഉപേക്ഷിച്ച സ്ഥലം പ്രതികള്‍ പറഞ്ഞതെന്നാണ് പൊലീസ് പറയുന്നത്.

സംഘര്‍ഷത്തിനിടെയാണ് അഖിലിനെ കുത്തിയത്. അതോടെ ക്യാമ്പസിനകത്ത് വലിയ ബഹളമായി. നസീമിന്റെ ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനെടെ പോലീസ് വന്നെന്ന സൂചന കിട്ടി. അപ്പോഴാണ് കത്തി ചവറ് കൂനയ്ക്കകത്ത് ഒളിപ്പിച്ചതെന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്.

Top