എല്ലാ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും ക്യാമ്പസുകളില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ഉണ്ടാകണമെന്ന്

kanam rajendran

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിനിടയാക്കിയ സംഭവങ്ങളെ തള്ളിപ്പറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്ലാ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും ക്യാമ്പസുകളില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ഉണ്ടാകണമെന്നും അതില്ലാതിരിക്കുന്നതാണ് യൂണിവേഴ്‌സിറ്റി കോളേജിലേയും എംജി കോളേജിലേയും പ്രശ്‌നമെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

ഇടതുപക്ഷത്തിനു ജനാധിപത്യ അവകാശം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ ഫാസിസത്തിന് എതിരെ എങ്ങനെ വര്‍ത്തമാനം പറയാന്‍ കഴിയും എന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തിനിടയില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ കുത്താന്‍ ഉപയോഗിച്ച് കത്തി വാങ്ങിയത് ഓണ്‍ലൈന്‍ വഴിയാണ്.

ആവശ്യമനുസരിച്ച് നിവര്‍ത്താനും മടക്കാനും കഴിയുന്ന കത്തിയാണിതെന്നും കൈപ്പിടിയില്‍ ഒതുക്കാവുന്ന വലുപ്പമെ കത്തിക്കുള്ളൂവെന്നും പൊലീസ് പറയുന്നു. കേസിലെ മുഖ്യപ്രതികളെ പൊലീസ് കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടയിലാണ് കത്തി കണ്ടെത്തിയത്.

കോളേജിലെ ചവറു കൂന്നയ്ക്കുള്ളിലാണ് കത്തി ഒളിപ്പിച്ചിരുന്നത്. കേസിലെ ഒന്നാം പ്രതിയും എസ്എഫ്‌ഐ നേതാവുമായ ശിവരഞ്ജിത്താണ് ചവറുകൂനയില്‍ നിന്നും കത്തി പോലീസിന് കാണിച്ചു കൊടുത്തത്. കേസിലെ ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തിനേയും നസീമിനേയുമാണ് തെളിവെടുപ്പിനായി പോലീസ് കോളജില്‍ എത്തിച്ചത്.

കോളേജിലെ യൂണിയന്‍ മുറിയില്‍ അടക്കം പൊലീസ് തെളിവെടുപ്പ് നടത്തി. ഏറെ ചോദ്യം ചെയ്യലിന് ശേഷമാണ് ആയുധം ഉപേക്ഷിച്ച സ്ഥലം പ്രതികള്‍ പറഞ്ഞതെന്നാണ് പൊലീസ് പറയുന്നത്.

സംഘര്‍ഷത്തിനിടെയാണ് അഖിലിനെ കുത്തിയത്. അതോടെ ക്യാമ്പസിനകത്ത് വലിയ ബഹളമായി. നസീമിന്റെ ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനെടെ പോലീസ് വന്നെന്ന സൂചന കിട്ടി. അപ്പോഴാണ് കത്തി ചവറ് കൂനയ്ക്കകത്ത് ഒളിപ്പിച്ചതെന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്.

Top