യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷം ; അസ്വസ്ഥത ഉണ്ടാക്കുന്നതെന്ന് ഗവര്‍ണര്‍

sadasivam

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഭവങ്ങള്‍ അസ്വസ്ഥത ഉണ്ടാക്കുന്നതെന്ന് ഗവര്‍ണര്‍ പി. സദാശിവം. പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി കോളേജുകളിലെ സംഘര്‍ഷങ്ങളും ലൈംഗിക അതിക്രമങ്ങളും സംബന്ധിച്ച് എല്ലാ മാസവും റിപ്പോര്‍ട്ട് നല്‍കണമെന്ന് യൂണിവേഴ്സിറ്റി വൈസ് ചാലന്‍സലര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പറഞ്ഞു

യൂണിവേഴ്‌സിറ്റി കോളേജില്‍ ഉണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. കഴിഞ്ഞ മൂന്ന് ദിവസമായി പലതവണയായി പ്രശ്‌നത്തില്‍ ഇടപെട്ട് വരികയാണ്. ഇത്തരം സംഭവങ്ങള്‍ വലിയ അസ്വസ്ഥതയാണ് ഉണ്ടാക്കുന്നതെന്നും ഇത് നല്ലകാര്യമല്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വൈസ് ചാന്‍സിലറും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും പ്രതിപക്ഷ നേതാവും വിവിധ സംഘടനാപ്രതിനിധികളും എല്ലാമായി കൂടിക്കാഴ്ച നടത്തി. പ്രശ്‌നങ്ങള്‍ അധികം വൈകാതെ ഒത്തുതീരുമെന്നും ഗവര്‍ണര്‍ പ്രത്യാശിച്ചു.

Top