കോളേജ് സംഘര്‍ഷം: അഖിലിനെ കുത്തിയത് കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കുത്തി പരിക്കേല്‍പ്പിച്ചത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണെന്ന് എഫ്‌ഐആര്‍. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത് ആണ് ബിരുദ വിദ്യാര്‍ഥിയായ അഖിലിനെ കുത്തിപരിക്കേല്‍പ്പിച്ചത്. യൂണിറ്റ് കമ്മിറ്റിയുടെ നിര്‍ദ്ദേശം അനുസരിച്ചില്ലെന്നും ഇതിലുള്ള വിദ്വേഷമാണ് അക്രമത്തിന് കാരണമെന്നും എഫ്ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം അഖില്‍ ക്യാന്റീനില്‍ പാട്ടുപാടിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥി സംഘങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. ഇതിനെ തുടര്‍ന്ന് ഇരു വിഭാഗങ്ങളേയും അനുരഞ്ജ ചര്‍ച്ചക്ക് വിളിച്ചിരുന്നു. ഇതിനിടെ സംഘര്‍ഷമുണ്ടാവുകയും കേസിലെ രണ്ടാം പ്രതിയായ നസീം അഖിലിനെ മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് കേസിലെ ഒന്നാം പ്രതിയായ ശിവരഞ്ജിത് അഖിലിനെ കൊല്ലാനുള്ള ഉദേശത്തോടുകൂടി ആയുധമുപയോഗിച്ച് നെഞ്ചില്‍ കുത്തുകയായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു. ഇയാളെ ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള ശ്രമം എസ്എഫ്‌ഐക്കാര്‍ തടഞ്ഞെന്നും ഗേറ്റ് പൂട്ടിയിട്ടെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.

സംഭവത്തില്‍ പ്രതികളായ ഏഴ് എസ്എഫ്ഐ പ്രവര്‍ത്തകരും ഒളിവിലെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി പ്രതികളുടെ വീടുകളിലും ബന്ധുവീടുകളിലും പോലീസ് പരിശോധന നടത്തിയിരുന്നു. പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരായ ഏഴു പേര്‍ക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്. യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയതെന്നും യൂണിറ്റ് സെക്രട്ടറി നിസാമാണ് കത്തി കൈമാറിയതെന്നുമാണ് സാക്ഷിമൊഴി. ഇരുവര്‍ക്കും പുറമേ മറ്റ് അഞ്ചു പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ശിവരഞ്ജിത്തിനും നിസാമിനും പുറമേ അമര്‍, അദ്വൈത്, ആരോമല്‍, ഇഹ്രാഹിം, ആരോമല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണെന്നാണ് വിവരം.

അതേസമയം സിപിഎം അനുനയ നീക്കത്തിനെത്തിയെന്ന് കുത്തേറ്റ അഖിലിന്റെ അച്ഛന്‍ ചന്ദ്രന്‍ പറഞ്ഞിരുന്നു. കേസ് തുടരുന്നുണ്ടോയെന്ന് സിപിഎം ജില്ലാ നേതൃത്വം ചോദിച്ചുവെന്നും അച്ഛന്‍ പറഞ്ഞു.

ഏത് വിധത്തിലുള്ള സമ്മര്‍ദ്ദമുണ്ടായാലും കേസുമായി മുന്നോട്ട് പോകുമെന്ന് ചന്ദ്രന്‍ പറഞ്ഞു. അഖിലിന്റെ ആഗ്രഹപ്രകാരമാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ ചേര്‍ന്നത്. കോളേജില്‍ ചേര്‍ന്ന സമയത്ത് തന്നെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അഖിലിനെ പലതരത്തില്‍ പ്രകോപിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

തങ്ങളുടേത് ഒരു പാര്‍ട്ടി കുടുംബമാണെന്നും താനിപ്പോഴും സിപിഎംകാരന്‍ തന്നെയാണെന്നും പാര്‍ട്ടിയുമായി യാതൊരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്പോര്‍ട്‌സ് താരമായ അഖിലിന് ഇനി മത്സരങ്ങളില്‍ പങ്കെടുക്കാനാകുമോ എന്ന് ആശങ്കയിലാണ് കുടുംബവും സുഹൃത്തുക്കളും.

Top