ശ്രീരാമകൃഷ്ണന് ‘ശിരസ്സ് ഉയർത്തുവാൻ’ ചങ്കുറപ്പ് നൽകിയത് തന്നെ ഈ പതാക !

ല്ലാ ആക്രമണങ്ങളും ഒരു പോലെ എതിര്‍ക്കപെടേണ്ടതാണ്. അക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവരുത്. എന്നാല്‍ കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങള്‍ക്ക് കാര്യങ്ങള്‍ അങ്ങനെയല്ല. അവര്‍ക്ക് എല്ലാം അജണ്ടയാണ്. ഇന്നലെ സി.പി.എമ്മായിരുന്നു എങ്കില്‍ ഇന്നത് എസ്.എഫ്.ഐയാണ്. ചുവപ്പ് കണ്ട കാളയുടെ അവസ്ഥയാണത്.

യൂണിവേഴ്സിറ്റി കോളജിലെ ദാരുണ സംഭവം എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്. അക്രമികളെ എസ്.എഫ്.ഐ പുറത്താക്കുകയും ചെയ്തു കഴിഞ്ഞു. എന്നിട്ടും വിടാതെ ഇപ്പോഴും മാധ്യമങ്ങള്‍ വേട്ട തുടരുകയാണ്.

പുതിയ തിരക്കഥകള്‍ അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്. നിഷ്പക്ഷതയാണ് മാധ്യമ ധര്‍മ്മമെങ്കില്‍ ലീഗ് ആക്രമണവും വാര്‍ത്തയാക്കണം. ചാനലുകള്‍ ചര്‍ച്ച ചെയ്യണം.

വാഹനത്തിന്റെ അതിവേഗം ചോദ്യം ചെയ്തതിനാണ് മുസ്ലീം ലീഗുകാര്‍ വഴിയാത്രകനെ മര്‍ദിച്ച് കൊന്നിരിക്കുന്നത്. വടകര ചോറോട് പെരുമാന ക്ഷേത്രത്തിനുസമീപം താമസിക്കുന്ന വിനോദനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ചിരിക്കുന്നത്. സംഭവത്തില്‍ മുസ്ലിം യൂത്ത് ലീഗ് അഴിയൂര്‍ ഗ്രീന്‍ഫോര്‍ട്ട് ശാഖാ പ്രസിഡന്റ് ഫര്‍സല്‍, യൂത്ത് ലീഗ് പ്രവര്‍ത്തകനായ ഷിനാസ് എന്നിവരെ മാഹി പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. രണ്ടുപേരെയും കോടതി റിമാന്‍ഡുചെയ്തിരിക്കുകയാണ്. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണവും തുരുകയാണ്.

തിങ്കളാഴ്ച രാത്രി 9.30ന് മാഹി ആശുപത്രി കവലയില്‍വച്ചാണ് വിനോദനെ ക്രൂരമായി ലീഗ് പ്രവര്‍ത്തകര്‍ അടിച്ചുപരിക്കേല്‍പ്പിച്ചത്. വിനോദനും സുഹൃത്ത് പ്രദീപ്കുമാറും റോഡരികിലൂടെ നടന്നുപോകുമ്പോള്‍ അമിതവേഗത്തില്‍ ടെമ്പോ ട്രാവലര്‍ കടന്നുപോവുന്നത് ചോദ്യംചെയ്തതിന്റെ വിരോധത്തിലാണ് മര്‍ദനം ഉണ്ടായത്. പ്രദീപ് കുമാറിനും അടിയേറ്റു. അടിയേറ്റ വിനോദന്‍ തലയിടിച്ചാണ് വീണിരുന്നത്. മാഹി ഗവ. ആശുപത്രിയിലും തലേശ്ശരി ജനറല്‍ ആശുപത്രിയിലും എത്തിച്ചശേഷമാണ് വിനോദനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നത്. മര്‍ദനത്തിനുശേഷം അക്രമികള്‍ രക്ഷപ്പെട്ടെങ്കിലും വാഹനത്തിന്റെ നമ്പര്‍ രാത്രിതന്നെ പൊലീസിന് ലഭിച്ചിരുന്നു.

ഷിനാസിനെ വ്യാഴാഴ്ച മാഹി മഞ്ചക്കല്‍ ബോട്ട്ഹൗസ് പരിസരത്തുനിന്നാണ് അറസ്റ്റുചെയ്തത്. ഇയാളില്‍നിന്ന് പത്ത്ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. മാഹി എസ്.ഐ ഇളങ്കോ, എ.എസ്.ഐ സുനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

പ്രദീപ് കുമാറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അക്രമത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്നറിയാന്‍ പ്രതികളെ വിശദമായി ചോദ്യംചെയ്യുമെന്ന് മാഹി പൊലീസ് അറിയിച്ചിട്ടുണ്ട്. മര്‍ദനരംഗം സിസിടിവിയിലും പതിഞ്ഞിട്ടുണ്ട്. മടപ്പള്ളി ആശാരിക്കോട്ട ചാത്തങ്കണ്ടിയില്‍ പരേതരായ ചന്തുവിന്റെയും പാറുവിന്റെയും മകനാണ് വിനോദന്‍. പ്രഭിതയാണ് ഭാര്യ.

ഈ പാവം മനുഷ്യനെ തല്ലി കൊന്ന സംഭവം മാധ്യമങ്ങളെ സംബന്ധിച്ച് ഇപ്പോള്‍ വാര്‍ത്തയല്ല. പ്രതികളെ അറസ്റ്റ് ചെയ്തിട്ടും മിണ്ടാട്ടവുമില്ല. അവര്‍ക്ക് യൂണിവേഴ്‌സിറ്റി കോളജ് മാത്രമാണിപ്പോള്‍ വാര്‍ത്താ വിഭവം.

ലീഗുകാര്‍ വഴിയാത്രക്കാരനെ തല്ലിക്കൊന്നത് രാഷ്ട്രീയമല്ല എന്നാണ് വാദമെങ്കില്‍, എന്തിനാണ് യൂണിവേഴ്‌സിറ്റി കോളജിലെ സംഭവം മാത്രം പര്‍വ്വതീകരിക്കുന്നത് ? യൂണിവേഴ്‌സിറ്റി കോളജില്‍ നടന്നത് രാഷ്ട്രീയ സംഘര്‍ഷമല്ല, രണ്ട് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ തമ്മിലുള്ള തര്‍ക്കമാണ് ക്യാമ്പസില്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്. അവിടെ കുത്തിയതും കുത്തേറ്റതും എസ്.എഫ്.ഐ ക്കാരായതിനാല്‍ ചാനലുകള്‍ ശരിക്കും ആഘോഷിച്ചു. മാഹിയില്‍ സി.പി.എമ്മുകാരോ എസ്.എഫ്.ഐക്കാരോ അല്ല പ്രതികള്‍ എന്നതിനാല്‍ കണ്ടില്ലന്നും നടിക്കുന്നു. ഇത് എവിടുത്തെ നീതിയാണ് ?

ലീഗുകാര്‍ മാത്രമല്ല സംഘപരിവാര്‍ ആക്രമിച്ചാലും ഇപ്പോള്‍ ചര്‍ച്ചയില്ല, വിവാദവുമില്ല. തിരുവനന്തപുരം ധനുവച്ചപുരം എന്‍.എസ്.എസ് കോളജില്‍ വിദ്യാര്‍ത്ഥിനി ആക്രമിക്കപ്പെട്ടപ്പോഴും ചാനലുകള്‍ മിണ്ടിയില്ല. കാരണം അവിടെ പ്രതികള്‍ എ.ബി.വി.പിക്കാരും ആക്രമിക്കപ്പെട്ടത് എസ്.എഫ്.ഐക്കാരുമായിരുന്നു.

നിഷ്പക്ഷ മാധ്യമ ധര്‍മ്മം കേരളത്തിലെ മാധ്യമങ്ങള്‍ക്ക് എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞു. മാധ്യമ മുതലാളിമാരുടെ താല്‍പ്പര്യമാണ് മാധ്യമ പ്രവര്‍ത്തകര്‍ ഇപ്പോള്‍ നടപ്പാക്കുന്നത്. ചാനല്‍ റേറ്റിങ്ങിന് വേണ്ടി എന്ത് തറ വേലയും അവര്‍ കാണിക്കും. ആടിനെ പട്ടിയാക്കും, ഒറ്റപ്പെട്ട സംഭവങ്ങള്‍ പര്‍വ്വതീകരിക്കും. ചുവപ്പിനെ ആക്രമിക്കാന്‍ കിട്ടുന്ന ഒരവസരവും ഈ കുത്തക മാധ്യമങ്ങള്‍ ഒരിക്കലും പാഴാക്കുകയില്ല.

കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമ പ്രവര്‍ത്തനം എന്ന് വിളിക്കേണ്ടത് ഇതിനെയൊക്കെയാണ്. ഇങ്ങനെ പോയാല്‍ ജനങ്ങള്‍തന്നെ വാര്‍ത്തകള്‍ കാണാതാകുന്ന ഒരു കാലവും വിദൂരമല്ല.
sreeramakrishnan

ഇനി സ്പീക്കര്‍ ശ്രീരാമകൃഷ്ണനോട് ഒരു വാക്ക് . . . താങ്കള്‍ എരിതീയില്‍ എണ്ണയൊഴിക്കരുത്. യൂണിവേഴ്‌സിറ്റി കോളജിലെ സംഭവത്തില്‍ സംഘടനാപരമായ നടപടി എസ്.എഫ്.ഐ സ്വീകരിച്ചിട്ടുണ്ട്. മറ്റു കാര്യങ്ങള്‍ നടപ്പാക്കാന്‍ ചില നടപടി ക്രമങ്ങളൊക്കെ ഉണ്ട്. അക്കാര്യം എസ്.എഫ്.ഐയിലൂടെ വളര്‍ന്ന് വന്ന ശ്രീരാമകൃഷ്ണന് അറിയില്ലെന്നുണ്ടോ?

‘സമ്പൂര്‍ണ്ണ പരാജയത്തിന്റെ നരകത്തില്‍ നിന്നും’ ജനപ്രതിനിധിയായും സ്പീക്കര്‍ ആയും താങ്കള്‍ ഉയര്‍ന്ന് വന്നതുതന്നെ ചുവപ്പ് പ്രത്യേയശാസ്ത്രത്തിന്റെ ശക്തികൊണ്ടുമാത്രമാണ്. കുത്തേറ്റ് വീണ അഖിലിന് മുന്നില്‍ ശിരസ് കുനിച്ച് മാപ്പ് പറയാന്‍ താങ്കള്‍ക്ക് കഴിഞ്ഞത് ‘ശിരസ്’ ഉയര്‍ത്തിപ്പിടിക്കാന്‍ എസ്.എഫ്.ഐ കരുത്ത് നല്‍കിയതുകൊണ്ടാണ്. മാപ്പ് പറയാനും നടപടി സ്വീകരിക്കാനും ശ്രീരാമകൃഷ്ണന്റെ പരസ്യപ്രതികരണം വരെ എസ്.എഫ്.ഐ ഒരിക്കലും കാത്ത് നിന്നിട്ടില്ല. അത് ആ സംഘടനയുടെ നേതാക്കള്‍ എപ്പോഴേ ചെയ്തു കഴിഞ്ഞു.

അഖിലിനെ പരിചരിക്കാന്‍ ആശുപത്രിയില്‍ നില്‍ക്കുന്നതും എസ്.എഫ്.ഐ – സി.പി.എം പ്രവര്‍ത്തകരാണ്. അനവസരത്തിലെ ശ്രീരാമകൃഷ്ണന്റെ പ്രതികരണം യഥാര്‍ത്ഥത്തില്‍ ഒറ്റുക്കൊടുക്കുന്നതിന് തുല്യമായിപ്പോയി.

രാഷ്ട്രീയ എതിരാളികള്‍ക്കും മാധ്യമങ്ങള്‍ക്കും വിവാദമാക്കാന്‍ നല്ല ഒരു ആയുധമായിരിക്കുകയാണ് പഴയ ഈ വിദ്യാര്‍ത്ഥി – യുവജന നേതാവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. അക്കാര്യമോര്‍ത്ത് യഥാര്‍ത്ഥത്തില്‍ ശിരസ്സ് ലജ്ജാഭാരം കൊണ്ട് പാതാളത്തോളം താഴുന്നതിപ്പോള്‍ സഖാക്കളുടെതാണ്.

Express view

Top