ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് സര്‍വകലാശാലയിലെ ഉത്തരക്കടലാസ് തന്നെ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയായ എസ്എഫ്ഐ നേതാവ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് സര്‍വകലാശാലയിലെ ഉത്തരക്കടലാസ് തന്നെയെന്ന് കണ്ടെത്തല്‍. ഈ ഉത്തരക്കടലാസുകള്‍ യൂണിവേഴ്സിറ്റി കോളേജിലെ ഉത്തരക്കടലാസുകളാണെന്ന് സിന്‍ഡിക്കേറ്റിന് പരീക്ഷ കണ്‍ട്രോളര്‍ റിപ്പോര്‍ട്ട് നല്‍കി.

അതേസമയം ഉത്തരക്കടലാസ് ചോര്‍ച്ചയില്‍ സിന്‍ഡിക്കേറ്റ് അന്വേഷണം പ്രഖ്യാപിച്ചു. വിഷയം സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷിക്കും. 320, 548 എന്നീ നമ്പറുകളിലുള്ള ഉത്തരകടലാസുകള്‍ 1/4/2015, 5/11/2015, എന്നീ തീയതികളിലും, 359, 467 എന്നീ നമ്പറുകളിലുള്ള ഉത്തരക്കടലാസുകള്‍ 1/4/2016 എന്ന തീയതിയിലും യൂണിവേഴ്‌സിറ്റി കോളേജ് അധികൃതര്‍ കൈപറ്റിയതാണെന്നും കണ്ടെത്തി. കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് റൂമില്‍ നിന്നും കണ്ടെത്തിയ ഉത്തരക്കടലാസുകളിലെ പരിശോധന നടന്നുവരികയാണ്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ തന്നെയാണ് സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ തീരുമാനം.

Top