യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം ; മുഖ്യപ്രതികളെ തെളിവെടുപ്പിനായി കോളേജിലെത്തിക്കും

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന വധശ്രമ കേസിലെ മുഖ്യപ്രതികളെ ഇന്ന് കോളേജിലെത്തിച്ച് തെളിവെടുക്കും. ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവരെയാണ് തെളിവെടുപ്പിനെത്തിക്കുക. മൂന്ന് ദിവസത്തേക്കാണ് കോടതി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

സംഘര്‍ഷമുണ്ടായ സ്ഥലത്ത് പ്രതികളെ എത്തിച്ച് പൊലീസ് ഇവരില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിയും. അഖിലിനെ കുത്താന്‍ ശിവരഞ്ജിത്ത് ഉപയോഗിച്ച ആയുധവും കണ്ടെത്തേണ്ടതുണ്ട്. അഖിലിനെ കുത്താന്‍ ഉപയോഗിച്ച കത്തി കോളേജില്‍ ഒളിപ്പിച്ചെന്ന് ശിവരഞ്ജിത്ത് ഇന്നലെ മൊഴി നല്‍കിയിരുന്നു.

കേസില്‍ പ്രതികളായ പതിനാറ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആറ് പേര്‍ മാത്രമാണ് ഇതുവരെ പിടിയിലായത്. പത്ത് പേര്‍ക്കായുള്ള തെരച്ചില്‍ പൊലീസ് തുടരുകയാണ്.

അതേസമയം ചില വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രശ്നമുണ്ടാക്കുമെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കനത്ത സുരക്ഷയാകും കോളജിലും പരിസരത്തും ഒരുക്കുക. കൃത്യത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുത്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോളേജിലെ രണ്ട് പൂര്‍വ വിദ്യാര്‍ത്ഥികളും ആക്രമിക്കാന്‍ ഉണ്ടായിരുന്നതായി അഖില്‍ ഇന്നലെ മൊഴി നല്‍കിയിരുന്നു.

Top