മാധ്യമങ്ങളും പ്രതിപക്ഷവും ഒന്നിച്ചപ്പോള്‍ നേട്ടം കൊയ്തത് എസ്.എഫ്.ഐ മാത്രം ! !

ടന്നാക്രമണത്തെ എങ്ങനെയാണ് വിജയ ചരിത്രമാക്കി മാറ്റുക എന്നറിയണമെങ്കില്‍ എസ്.എഫ്.ഐയെയാണ് എതിരാളികള്‍ കണ്ടു പഠിക്കേണ്ടത്. മാധ്യമങ്ങള്‍ ഉള്‍പ്പെടെ സകലപിന്തിരിപ്പന്‍ ശക്തികളും, ഇടതുപക്ഷത്തെ വര്‍ഗ്ഗ വഞ്ചകരും എതിര്‍ത്തിട്ടും യൂണിവേഴ്‌സിറ്റി കോളെജില്‍ എസ്.എഫ്.ഐ രചിച്ചത് പുതിയ ചരിത്രമാണ്.

വേട്ടക്കാര്‍ക്കെതിരെ കോളജിനു മുന്നില്‍ തീര്‍ത്ത മഹാപ്രതിരോധത്തില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. അതായത് ആ ക്യാമ്പസിലുള്ള വിദ്യാര്‍ത്ഥികളില്‍ 15 പേര്‍ ഒഴികെ ബാക്കി എല്ലാവരും എസ്.എഫ്.ഐ സമരത്തില്‍ അണിചേര്‍ന്നു എന്ന് വ്യക്തം. വരാതിരുന്ന 15 പേരില്‍ ആറു പേര്‍ കെ.എസ്.യു പ്രവര്‍ത്തകരാണ്. മൂന്നുപേര്‍ എ.ഐ.എസ്.എഫുകാരും. ബാക്കി ആറു പേരാകട്ടെ ഒരു സംഘടനയിലും പെടാത്തവരുമാണ്.

രാജ്യത്തെ ഒരു കാമ്പസിലും മറ്റൊരു വിദ്യാര്‍ത്ഥി സംഘടനയ്ക്കും സ്വപ്നം പോലും കാണാന്‍ കഴിയാത്ത നേട്ടമാണിത്. കാരണം അത്രക്കും ഭീകരമായ മാധ്യമ വേട്ടയാണ് എസ്.എഫ്.ഐക്കെതിരെ തുടര്‍ച്ചയായി നടന്നിരുന്നത്. ഏതാനും പേരെ മുന്‍നിര്‍ത്തി മറ്റു സംഘടനകള്‍ നയിച്ച സമരത്തെ മാധ്യമങ്ങളും പര്‍വ്വതീകരിച്ചു.

വിദ്യാര്‍ത്ഥി രോഷം എസ്.എഫ്.ഐക്കെതിരെ അലയടിക്കുകയാണ് എന്നായിരുന്നു പ്രചരണം. പ്രതിപക്ഷ സംഘടനകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമാസക്തമായതും യു.ഡി.എഫ് ഉപരോധവുമെല്ലാം വലിയ സംഭവമാക്കിയാണ് മാധ്യമങ്ങള്‍ ചിത്രീകരിച്ചിരുന്നത്.

യൂണിവേഴ്‌സിറ്റി കാമ്പസിന്റെ ചരിത്രമറിയാത്ത ഇടതുപക്ഷ അനുഭാവികള്‍ പോലും ഈ പ്രചരണം കണ്ട് അന്തം വിട്ടുപോയി. എസ്.എഫ്.ഐക്കെതിരെ രക്ഷിതാക്കളിലും വികാരമുയര്‍ന്നാല്‍ തിരിച്ചടിയാകുമെന്നതായിരുന്നു ഇവരുടെ ഭയം. വിദ്യാര്‍ത്ഥികളോട്, പ്രത്യേകിച്ച് പെണ്‍കുട്ടികളോട് ഇനി വീട്ടില്‍ നിന്നും എന്താണ് പറയുക എന്ന കാര്യത്തില്‍ എസ്.എഫ്.ഐ നേതാക്കള്‍ക്കും ആശങ്ക ഉണ്ടായിരുന്നു.

ഈ ആശങ്ക കൂടുതലും അഖില്‍ കുത്തേറ്റ് വീണ യൂണിവേഴ്‌സിറ്റി കാമ്പസിനെ മുന്‍ നിര്‍ത്തിയായിരുന്നു. മഹാപ്രതിരോധം സംഘടിപ്പിച്ചപ്പോഴും പങ്കാളിത്തത്തിന്റെ കാര്യത്തില്‍ വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. എന്നാല്‍ എല്ലാവരുടെയും കണക്ക് കൂട്ടലുകള്‍ തകര്‍ത്ത വിദ്യാര്‍ത്ഥി മുന്നേറ്റമാണ് യൂണിവേഴ്‌സിറ്റി കോളെജില്‍ ഉണ്ടായിരിക്കുന്നത്.

ആയിരങ്ങള്‍ പ്രകടനമായി കാമ്പസ് കവാടം വിട്ടു വരുമ്പോള്‍ അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ വന്‍ ജനസഞ്ചയമാണ് പുറത്ത് നിലയുറപ്പിച്ചിരുന്നത്. ഒരു വിദ്യാര്‍ത്ഥിയെ പോലും നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കരുതെന്ന നിര്‍ദ്ദേശമുള്ളതിനാല്‍ ഇനി ആ ആക്ഷേപവും ഇവിടെ വില പോവില്ല. പോരാളികളുടെ കാമ്പസിനായി പോരാട്ട മനസ്സുകളും ഒന്നിച്ചതോടെ മഹാപ്രതിരോധമായി സമരം മാറുകയായിരുന്നു.

യൂണിവേഴ്സിറ്റി കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍, മുന്‍കാല അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങി യൂണിവേഴ്സിറ്റി കോളേജിനെ സ്നേഹിക്കുന്ന അനവധിപേരാണ് പരിപാടിയില്‍ പങ്കെടുത്തത്. മഹാ പ്രതിരോധത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫോട്ടോ എക്സിബിഷനും ചിത്രരചനയും പോലും വലിയ ജനശ്രദ്ധയാണ് പിടിച്ചുപറ്റിയിരുന്നത്.

രക്തസാക്ഷികളുടെയും, എസ്.എഫ്.ഐയുടെ മുന്‍കാല സമരങ്ങളുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച എക്സിബിഷന്‍ ഹൃദയ സ്പര്‍ശിയായി മാറി. ചിത്രങ്ങള്‍ കണ്ട ചില അമ്മമാര്‍ പൊട്ടിക്കരയുന്ന സാഹചര്യവും ഉണ്ടായി.

ഇപ്പോള്‍ ആളില്ലാ സമരങ്ങള്‍ വലിയ സംഭവമാക്കുന്ന മാധ്യമങ്ങള്‍ക്ക് സ്വപ്‌നത്തില്‍പോലും ചിന്തിക്കാന്‍ പറ്റാത്ത പോരാട്ട ദൃശ്യങ്ങളായിരുന്നു എക്‌സിബിഷനിലെ പ്രധാന ആകര്‍ഷണം.

ഇത്രയും വലിയ ഒരു പിന്തുണ മഹാപ്രതിരോധത്തിന് ആര്‍ജിക്കാന്‍ കഴിഞ്ഞതിന് എസ്.എഫ്.ഐ നേതാക്കള്‍ മാധ്യമങ്ങളോടാണ് ശരിക്കും നന്ദി പറയേണ്ടത്. പ്രതിപക്ഷ സംഘടനകളോടും അവര്‍ക്കൊപ്പം വേട്ടയാടാന്‍ മുന്നില്‍ നിന്ന എ.ഐ.എസ്.എഫിനോടും വേണം ഒരു കടപ്പാട്. കാരണം വര്‍ഗ്ഗ വഞ്ചകര്‍ ഉള്‍പ്പെടെയുള്ള ഈ വിഭാഗം മൊത്തം ഒറ്റക്കെട്ടായി ആക്രമിച്ചതാണ് എസ്.എഫ്.ഐക്ക് കൂടുതല്‍ കരുത്ത് നേടാന്‍ വഴിയൊരുക്കിയത്.

യൂണിവേഴ്‌സിറ്റി കോളെജില്‍ നടന്ന സംഘര്‍ഷത്തെ ഒറ്റപ്പെട്ട സംഭവമായി തന്നെയാണ് വിദ്യാര്‍ത്ഥികള്‍ കാണുന്നത് എന്നതിന് തെളിവ് വേറെയുമുണ്ട്. തൃശൂര്‍ സെന്റ് തോമസ് കോളജില്‍ എസ്.എഫ്.ഐ നേടിയ തകര്‍പ്പന്‍ വിജയം ഇതിന്റെ സൂചനയായിരുന്നു. അവകാശപത്രിക സമര്‍പ്പണവുമായി ബന്ധപ്പെട്ട് ജില്ലാ കേന്ദ്രങ്ങളിലേക്ക് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ ലക്ഷം വിദ്യാര്‍ത്ഥികളാണ് സംസ്ഥാനത്താകെ പങ്കെടുത്തിരുന്നത്.

യൂണിവേഴ്‌സിറ്റി കോളജ് വിവാദം കൊടുമ്പിരി കൊണ്ടിരിക്കെ തന്നെയായിരുന്നു ഈ തകര്‍പ്പന്‍ മുന്നേറ്റമെന്നതും ശ്രദ്ധേയമാണ്. രജനി എസ് ആനന്ദ് ദിനത്തോടനുബന്ധിച്ച് യൂണിവേഴ്‌സിറ്റി കോളജില്‍ നടന്ന പ്രകടനവും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് കേരളത്തിലെ വിപ്ലവ മനസ്സുകളെ ആവേശത്തിലാക്കിയ മഹാപ്രതിരോധവും ഇപ്പോള്‍ അരങ്ങേറിയിരിക്കുന്നത്.

15 വിദ്യാര്‍ത്ഥികള്‍ ഒഴികെ മറ്റു എല്ലാ വിദ്യാര്‍ത്ഥികളും മഹാപ്രതിരോധത്തില്‍ പങ്കാളിയായത് ഒരിക്കലും നിസാരമായി കാണാന്‍ പറ്റുകയില്ല. ശക്തമായ ഒരു മറുപടി തന്നെ വിദ്യാര്‍ത്ഥികളുടെ ഈ സമീപനത്തിന് പിന്നിലുണ്ട്. അത് വൈകിയാണെങ്കിലും മാധ്യമങ്ങള്‍ തിരിച്ചറിയുകയാണ് വേണ്ടത്.

എതിര്‍പ്പുകളും കൊടിയ മര്‍ദ്ദനങ്ങളും വിപ്ലവ മനസ്സുകളെ കൂടുതല്‍ കരുത്തുറ്റതാക്കുകയേ ഒള്ളൂ. അതാണ് കേരളത്തിന്റെ ചരിത്രം. മലയാളിയുടെ ചിന്താശക്തിയെ നിയന്ത്രിക്കുന്ന മാധ്യമമെന്ന അവകാശവാദങ്ങളൊന്നും പുതിയ കാലത്ത് വിലപോവുകയില്ല. കാരണം സമൂഹമാധ്യമങ്ങള്‍ അടക്കി വാഴുന്ന കാലമാണിത്. കുത്തക മാധ്യമങ്ങള്‍ തിരസ്‌ക്കരിച്ചാലും വസ്തുതകള്‍ എല്ലാവരുടെയും കണ്‍മുന്നിലെത്തുകതന്നെ ചെയ്യും.

ആടിനെ പട്ടിയാക്കി നിങ്ങള്‍ക്ക് ചിത്രീകരിക്കാം പക്ഷേ അത് ഒരിക്കലും വിശ്വസിപ്പിക്കാന്‍ പറ്റില്ല. കാരണം സ്മാര്‍ട്ട് ഫോണുള്ള ഓരോ വ്യക്തിയും ഇന്ന് മാധ്യമ പ്രവര്‍ത്തകരാണ്. വിവരങ്ങള്‍ അറിയാന്‍ ടെലിവിഷന്‍ ചാനലുകളെയും അച്ചടി മാധ്യമങ്ങളെയും മാത്രം ആശ്രയിച്ച കാലമെല്ലാം കഴിഞ്ഞു പോയി.

പുതിയ കാലത്ത് സമൂഹമാധ്യമങ്ങള്‍ തന്നെയാണ് താരം. അവിടെ കള്ള വാര്‍ത്തകള്‍ പൊളിച്ചടുക്കപ്പെടുമ്പോള്‍ തകരുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യത കൂടിയാണ്. അക്കാര്യം ഇനിയെങ്കിലും ഓര്‍ക്കുന്നത് നല്ലതാണ്.

Express view

Top