യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം; ചെന്നിത്തല ഗവര്‍ണറെ കാണും

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് കേരളാ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവവുമായി കൂടിക്കാഴ്ച നടത്തും.

അക്രമത്തില്‍ പ്രതികളായവരുടെ വീട്ടില്‍നിന്നും യൂണിയന്‍ ഓഫീസില്‍നിന്നും ഉത്തരക്കടലാസ് കണ്ടെത്തിയതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ അദ്ദേഹം ഗവര്‍ണറുടെ ശ്രദ്ധയിപ്പെടുത്തുമെന്നും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.

അതേസമയം വധശ്രമ കേസില്‍ ആറ് വിദ്യാര്‍ത്ഥികളെയാണ് അനിശ്ചിതകാലത്തേക്ക് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം.എ.എന്‍, അമര്‍.എ.ആര്‍, അദ്വൈത് മണികണ്ഠന്‍, ആദില്‍ മുഹമ്മദ്, ആരോമല്‍.എസ്.നായര്‍, മുഹമ്മദ് ഇബ്രാഹീം എന്നിവരെയാണ് കോളേജ് കൗണ്‍സില്‍ സസ്പെന്‍ഡ് ചെയ്തത്.

ഈ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന്റെ അനുമതിയില്ലാതെ കോളേജില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും ഇവര്‍ക്ക് അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡ് അസാധുവാക്കിയതായും ഉത്തരവില്‍ പറയുന്നു. കോളേജില്‍ നടന്ന സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ അന്വേഷണ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം നടപടികള്‍ സ്വീകരിക്കുമെന്നും പ്രിന്‍സിപ്പാള്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

Top