യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യ ശ്രമം; കോളേജ് മാറാന്‍ സര്‍വകലാശാല അനുമതി നല്‍കി

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനിക്ക് കോളേജ് മാറാന്‍ കേരള സര്‍വകലാശാല അനുമതി നല്‍കി. മറ്റൊരു കോളേജില്‍ പഠനം തുടരാന്‍ അനുവദിക്കണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മെയ് 25 ന് സര്‍വകാലാശാല സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്നാണ് വര്‍ക്കല എസ് എന്‍ കോളേജിലേക്കാണ് മാറ്റം അനുവദിച്ചത്.

മുടങ്ങിയ പരീക്ഷകള്‍ പുതിയ കോളേജില്‍ എഴുതാനും സര്‍വകലാശാല അനുമതി നല്‍കിയിട്ടുണ്ട്. പരീക്ഷാ കണ്‍ട്രോളറേയും രജിസ്ട്രാറേയും ഈ വിവരം സര്‍വകലാശാല അധികൃതര്‍ അറിയിച്ചിരുന്നു. നിലവില്‍ രണ്ടാം സെമസ്റ്ററില്‍ പഠിക്കുന്ന പെണ്‍കുട്ടിയ്ക്ക് എസ് എന്‍ കോളേജില്‍ മൂന്നാം സെമസ്റ്ററിലാണ് പ്രവേശനം ലഭിക്കുക. രണ്ടാം സെമസ്റ്ററിന്റെ പരീക്ഷാകേന്ദ്രം എസ് എന്‍ കോളേജിലേക്ക് മാറ്റാനും സര്‍വകലാശാല ഇറക്കിയ ഉത്തരവില്‍ പറയുന്നു.

യൂണിവേഴ്‌സിറ്റി കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമം ക്യാമ്പസിലെ എസ്എഫ്‌ഐ യൂണിയന്‍ നേതാക്കളുടെ സമ്മര്‍ദ്ദം മൂലമാണെന്നായിരുന്നു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാകുറിപ്പ്. സമരങ്ങളില്‍ പങ്കെടുക്കാന്‍ സമ്മതിക്കാത്തതിന്റെ പേരില്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതില്‍ മനംനൊന്താണ് തീരുമാനം. ഇതേക്കുറിച്ച് പരാതി നല്‍കിയിട്ടും പ്രിന്‍സിപ്പല്‍ ഒരു നടപടിയും എടുത്തില്ലെന്നും കത്തില്‍ ആരോപിച്ചിരുന്നു. ആദ്യം എസ്എഫ്‌ഐക്കാര്‍ക്കെതിരെ പെണ്‍കുട്ടി പരാതിയുമായി മുന്നോട്ട് പോയെങ്കിലും പിന്നീട് പരാതി പിന്‍വലിച്ചിരുന്നു.

Top