കെ.എസ്.യു പ്രവര്‍ത്തകര്‍ കേരള സര്‍വകലാശാല വിസിയെ തടഞ്ഞു

തിരുവനന്തപുരം: രാജ്ഭവന് മുന്നില്‍ വച്ച് കേരള സര്‍വകലാശാല വൈസ് ചാന്‍സിലറെ കെ.എസ്.യു പ്രവര്‍ത്തകര്‍ തടഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജ് വിഷയവുമായി ബന്ധപ്പെട്ടാണ് വൈസ്ചാന്‍സിലറെ രാജ്ഭവന്റെ ഗേറ്റിന് മുന്നില്‍ വച്ച് പതിനഞ്ചോളം വരുന്ന കെ.എസ്.യു പ്രവര്‍ത്തകര്‍ തടഞ്ഞത്.

ഗവര്‍ണര്‍ വിളിച്ചുവരുത്തിയതിനെ തുടര്‍ന്നാണ് വിസി വി.പി.മഹാദേവന്‍പിള്ള രാജ്ഭവനില്‍ എത്തിയത്. വിസി രാജ്ഭവനിലേക്ക് കയറുമ്പോള്‍ മുതല്‍ ഗേറ്റിന് പരിസരത്ത് കെ.എസ്.യു പ്രവര്‍ത്തകരുണ്ടായിരുന്നു. എന്നാല്‍ പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നിട്ടും സ്ഥലത്ത് പൊലീസ് സാന്നിധ്യം കുറവായിരുന്നു.

പ്രതിഷേധക്കാര്‍ വിസിയെ അഞ്ച് മിനിറ്റോളം തടഞ്ഞുവച്ചതോടെ കൂടുതല്‍ പൊലീസ് എത്തി പ്രവര്‍ത്തകരെ മാറ്റുകയായിരുന്നു. വിസി സ്ഥലത്ത് നിന്നും പോയ ശേഷം കെ.എസ്.യു നേതാക്കളും പൊലീസും തമ്മില്‍ റോഡില്‍ രൂക്ഷമായ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി.അബ്ദുള്‍ റഷീദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Top